ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം സീസണിലെ മൂന്നാം മത്സരത്തിനായി തയ്യാറെടുക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ആദ്യത്തെ എവേ മത്സരത്തിൽ ഒഡിഷ എഫ്‌സിയെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്. ഭുഭവനേശ്വറിലെ കല്ലിംഗ സ്റ്റേഡിയത്തിൽ ഒക്ടോബർ 23ന് വൈകിട്ട് ഏഴരക്കാണ് മത്സരം.
കഴിഞ്ഞ മത്സരത്തിൽ എടികെ മോഹൻ ബാഗാനോട് പരാജയപ്പെട്ട കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയം മാത്രം ലക്ഷ്യമാക്കിയാകും മത്സരത്തിനിറങ്ങുക. മറുവശത്ത് മുംബൈയോട് പരാജയപ്പെട്ടാണ് ഒഡിഷയുടെ വരവ്.
ഒൻപതാം സീസണിൽ മികച്ച തുടക്കം ലഭിച്ച ടീമുകളാണ് ഒഡീഷ എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും. എന്നാൽ രണ്ടാം മത്സരത്തിൽ ഇരു ടീമുകളും പരാജയപ്പെട്ടു. അതുകൊണ്ടു തന്നെ വിജയം ഇരു ടീമുകൾക്കും അനിവാര്യമാകും.
നിലവിൽ ഒരേ ഗോൾ വ്യത്യാസത്തിൽ ലീഗ് ടേബിളിൽ എട്ട്, ഒമ്പത് സ്ഥാനങ്ങളിലാണ് ഇരു ടീമുകളും. എന്നിരുന്നാലും, കൂടുതൽ ഗോളുകൾ നേടിയതിനാൽ കേരള ബ്ലാസ്റ്റേഴ്സ് മെച്ചപ്പെട്ട നിലയിൽ എട്ടാം സ്ഥാനത്താണ്. രണ്ടു സീസണിനപ്പുറം ആരാധകരുടെ സാന്നിധ്യത്തിലുള്ള ആദ്യ ഹോം മത്സത്തിന്റെ എല്ലാ ഗുണങ്ങളും ഒഡിഷ എഫ്‌സിക്ക് ലഭിക്കും.
സാധ്യത ടീം
ഒഡീഷ എഫ്‌സി: അമരീന്ദർ സിംഗ് (ജികെ); ശുഭം സാരംഗി, ഒസാമ മാലിക്, കാർലോസ് ഡെൽഗാഡോ, സാഹിൽ പൻവാർ; റെയ്നിയർ ഫെർണാണ്ടസ്, സൗൾ ക്രെസ്പോ, ഐസക് വന്മൽസൗമ; ജെറി മാവിഹ്മിംഗ്താംഗ (സി), ഡീഗോ മൗറീഷ്യോ, നന്ദകുമാർ സെക്കർ
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി: പ്രഭ്സുഖൻ ഗിൽ (ജികെ); ഹർമൻജോത് ഖബ്ര, ഹോർമിപാം റൂയിവ, മാർക്കോ ലെസ്കോവിച്ച്, ജെസെൽ കാർനെറോ (സി); സഹൽ അബ്ദുൾ സമദ്, ജീക്സൺ സിംഗ്, പ്യൂട്ടിയ, അഡ്രിയാൻ ലൂണ; ഡിമിട്രിയോസ് ഡയമന്റകോസ്, ഇവാൻ കലിയുഷ്നി