ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോൾ മഴ. ചെന്നൈയിന്റെ ഗോൾ മഴയാണ് കൊച്ചിയിൽ ഇന്ന് പിറന്നത്. കൊച്ചിയിൽ ഗോൾ ഉത്സവമായിരുന്നു. 6-3ന്റെ വമ്പൻ തോൽവി ആണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് ഗോളിന് പിറകിൽ പോയിരുന്നു. രണ്ടാം പകുതിയിലും മൂന്ന് ഗോൾ ബ്ലാസ്റ്റേഴ്സ് വഴങ്ങി. എന്നാൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ക്യാപ്റ്റൻ ഒഗ്ബചെ ഹാട്രിക്ക് നേടി പൊരുതിയെങ്കിലും തോൽവി ആണ് ഫലം. ചെന്നൈയിൻ അറ്റാക്കിന് മുന്നിൽ കീഴടങ്ങുന്ന ബ്ലാസ്റ്റേഴ്സിനെ ആണ് ഇന്ന് കാണാൻ കഴിഞ്ഞത്.
ആദ്യ പകുതിയുടെ അവസാന അഞ്ച് മിനുട്ടിലാണ് മൂന്ന് ചെന്നൈയിൻ ഗോളുകളും പിറന്നത്. ആദ്യ ഗോൾ കീപ്പർ രഹ്നേഷിന്റെ പിഴവിലാണ് ഗോൾ വന്നത്. ഗോളിയുടെ പാസ് നേരെ ക്രിവെലാരോയുടെ കാലിലേക്ക് പോയപ്പോൾ നിമിഷ നേരം കൊണ്ട് അത് ഗോളായി. വൈകാതെ ക്രിവലാരോയുടെ അസിസ്റ്റിൽ നിന്ന് വാൽസ്കിസ് രണ്ടാം ഗോൾ നേടി. ഇത് കൊണ്ട് അവസാനിച്ചെന്ന് കരുതിയാൽ തെറ്റി. അതാ വരുന്നു ക്രിവലാരോയുടെ മൂന്നാം ഗോൾ.