ചതിച്ചത് മിച്ചി സ്പോർട്സ്. പ്രീ സീസണും മതിയാക്കി നാട്ടിലേക്ക് തിരിച്ച് കേരള ബ്ലാസ്റ്റേഴ്സ്. മലയാളികളുടെ അഭിമാനം കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ മത്സരങ്ങൾ ഇന്ത്യയിൽ തുടർന്നേക്കും. ഏറെ പ്രതീക്ഷകളുമായി യൂഎഈയിൽ പ്രീ സീസണായി എത്തിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചത് മോശം അനുഭവങ്ങളാണ്. മുഖ്യ സംഘാടകരായ മിച്ചി സ്പോർട്സ് ആണ് ബ്ലാസ്റ്റേഴ്സിനേയും തങ്ങളേയും വഞ്ചിച്ചതെന്ന് സ്പോൺസർമാരായ എമിറേറ്റ്സ് വൺ പറഞ്ഞു. ഒരു ലൈവ് ടെലകാസ്റ്റോ മാധ്യമങ്ങൾ അടക്കമുള്ളവർക്ക് ബേസിക്ക് സൗകര്യങ്ങളോ ഒരൂക്കാൻ മിച്ചി സ്പോർട്സ് ശ്രമിച്ചില്ലെന്നും അവർ സൂചിപ്പിച്ചു. ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ആരാധകരുള്ള ടിമിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സംഘാടകർ പരാജയപ്പെട്ടു. മോശം അനുഭവമാണ് വിദേശ താരങ്ങളടക്കമുള്ള ബ്ലാസ്റ്റേഴ്സിനും ഡച്ച് കോച്ച് എൽകോ ഷറ്റോരിക്കും ഏറ്റുവാങ്ങേണ്ടി വന്നത്. താമസസൗകര്യം തുടങ്ങി ഭക്ഷണം മുതൽ പരിശീലനത്തിന് വരെ മികച്ച സൗകര്യങ്ങൾ ഒരുക്കാൻ മിച്ചി സ്പോർട്സ് പരാജയപ്പെട്ടു.
ആദ്യ പ്രീ സീസൺ മത്സരത്തിന് ബ്ലാസ്റ്റേഴ്സ് എത്തിയത് തൊഴിലാളികളെ
കൊണ്ടു പോകുന്ന ലേബർ വാനിലാണ്. ആരാധകകൂട്ടായ്മയായ മഞ്ഞപ്പടയുടെ മെംബറിന്റെ കാറിലാണ് കോച്ച് സ്റ്റേഡിയത്തിൽ എത്തിയത്. ഇത്രക്ക് ഗതികെട്ട പ്രീ സീസൺ മറ്റൊരു ഇന്ത്യൻ ടീമിനും അനുഭവിക്കേണ്ടി വന്നുകാണില്ല. പ്രവാസി ആരാധകരിൽ നിന്നും നല്ല തുക ഈടാക്കിയാണ് പ്രീ സീസൺ ടിക്കറ്റുകൾ വില്പന നടത്തിയതും. സെപ്റ്റംബർ 28 വരെ ബ്ലാസ്റ്റേഴ്സ് യൂഎഈയിൽ തുടരാനാണ് ആദ്യം പ്ലാനിട്ടിരുന്നത്. എന്തായാലും ഇന്ത്യയിൽ പ്രീ സീസൺ പൂർത്തിയാക്കാനായിരിക്കും ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക.