നൂറ് കോടി ജനങ്ങളുടെ പ്രാർത്ഥനകളോടൊപ്പം ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യ ഇറങ്ങുന്നു. ഇന്ന് ഇന്ത്യക്ക് ജീവൻ മരണപ്പോരാട്ടമാണ് ജയം മാത്രമാണ് സ്റ്റിമാച്ചിന്റെ ഇന്ത്യക്ക് ലക്ഷ്യം. ദോഹയിലെ ജാസിം ബിൻ അഹമ്മദ് സ്റ്റേഡിയതിൽ തിങ്ങി നിറഞ്ഞ ഇന്ത്യൻ പ്രവാസി ആരാധകർക്ക് മുന്നിൽ ജയം മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യം. എന്നാൽ എതിരാളികൾ കരുത്തരാണ് ഏഷ്യൻ ചാമ്പ്യന്മാരാണ് ഖത്തർ.
ഹോം ഗ്രൗണ്ടിൽ സ്വന്തം കാണികൾക്ക് മുന്നിൽ ഇരട്ടി ബലത്തോടെയും ആത്മവിശ്വാസത്തോടെയുമാകും അവരിറങ്ങുക. ആദ്യമത്സരത്തിൽ അവസാന മിനുട്ടുകളിലെ പാളിച്ചകൾ കാരണം ഒമാനെതിരെ പരാജയപ്പെട്ട ഇന്ത്യക്ക് ഇന്നൊരു തോൽവി ചിന്തിക്കാവുന്നതിലുമപ്പുറമാണ്. എന്നാൽ അഫ്ഗാനിസ്താനെ 6 ഗോളടിച്ച് കണ്ടം വഴിയോടിച്ചാണ് ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തർ വരുന്നത്. അന്ന് ഹാട്രിക്ക് നേടിയ ഖത്തർ സൂപ്പർ സ്റ്റാർ അൽമോസ് അലിയെ കീഴടക്കാൻ ജിങ്കനും സംഘവും വിയർക്കേണ്ടി വരും.
അതേ സമയം ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് പരിക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയായി. ഇന്ത്യൻ അക്രമണത്തെ നയിക്കുന്ന പടത്തലവനില്ലാത്തത് ലോകകപ്പ് യോഗ്യത സ്വപ്നം കാണുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിലുമപ്പുറമാണ്. അക്രമണ നിരനയിക്കാൻ ഉദാന്തയും മൻവീറോ ബല്വന്തോ ഛേത്രിക്ക് പകരമിറങ്ങും. നിർണായക ഘട്ടത്തിൽ ക്യാപ്റ്റനെ നഷ്ടപ്പെട്ടത് ഓർക്കാപ്പുറത്തുള്ള അടിയായി ഇന്ത്യൻ ഫുട്ബോളിന്. മലയാളി സൂപ്പർ സ്റ്റാർ ആഷിഖ് കുരുണിയനും പരിക്കാണെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ അനുസരിച്ച് ബ്ലാസ്റ്റേഴ്സ് ന്യൂസിന് ലഭിച്ച വിവരം.
ടിക്കറ്റ് കിട്ടാതെ ഒട്ടേറെ ആരാധകർ മടങ്ങുകയും ചെയ്തിരുന്നു. ഇതിനെല്ലാം പുറമേ ഇന്ത്യൻ ഫുട്ബോളിന് അഭിമാനമായ മത്സരം ഇന്ത്യയിൽ ലൈവ് ടെലികാസ്റ്റ് ചെയ്യുന്നുമില്ല. ക്രിക്കറ്റിന് മാത്രമായി സ്റ്റാർ സ്പോർട്ട്സ് എന്തിനീങ്ങനെ ചാനലുകൾ നടത്തുന്നു എന്ന ചോദ്യം ഫുട്ബോൾ ആരാധകർ ഉന്നയിക്കുന്നുണ്ട്. ഈ സുവർണ നിമിഷം ആരാധകർക്ക് തത്സമയം കാണിക്കാൻ കഴിയാത്ത ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് നമോവാകം. ഇന്ത്യൻ ടീമിന് ഏഷ്യൻ ചാമ്പ്യന്മാരെ കീഴടക്കാൻ സാധിക്കട്ടേയെന്ന് ബ്ലാസ്റ്റേഴ്സ് ന്യൂസ് ആശംസിക്കുന്നു.