ആരാധകരുടെ പ്രതീക്ഷക്ക് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ് വിലകൽപ്പിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് പുതിയ ആക്രമണ പരിശീലകൻ. മുൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകനായ എൽകോ ഷറ്റോറിയെ പരിശീലകനായി നിയമിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഡച്ചുകാരനായ ഷറ്റോറി ഒരു സാധാരണ ടീമായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഐ.എസ്.എലിലെ മികച്ച ടീമുകളിൽ ഒന്നാക്കി മാറ്റിയിരുന്നു. നേരത്തെ ഐ ലീഗ് ടീമുകളായ പ്രയാഗ് യുണൈറ്റഡിനെയും ഈസ്റ്റ് ബംഗാളിനെയും ഷറ്റോറി പരിശീലിപ്പിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിലും മികച്ച പരിശീലന പരിചയമുള്ള ഷറ്റോറി കേരള ബ്ലാസ്റ്റേഴ്സിന് ഐ.എസ്.എൽ കിരീടം നേടി തരുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
സ്പാനിഷ് പരിശീലകനെ വേണമെന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആവശ്യമെങ്കിലും ആക്രമണ ഫുട്ബോളിന് പേരു കേട്ട ഹോളണ്ടിൽ നിന്ന് തന്നെ ഒരു പരിശീലകൻ കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത് ആരാധകരെ സന്തോഷിപ്പിക്കും. നോർത്ത് ഈസ്റ്റിലെ യുവതാരങ്ങൾ ഷറ്റോറിക്ക് കീഴിൽ മികച്ച പ്രകടനം കാഴ്‌ചവെച്ചതും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സന്തോഷിപ്പിക്കും. കഴിഞ്ഞ വർഷങ്ങളിൽ പഴയ പ്രതാപത്തിൽ മാത്രമായി ഒതുങ്ങി പോയ കേരള ബ്ലാസ്റ്റേഴ്സിന് പുതിയ പരിശീലകന് കീഴിൽ വീണ്ടും ഉയർത്തെഴുനേൽക്കാൻ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
കഴിഞ്ഞ സീസണിൽ അവസാന സ്ഥാനക്കാരായ ചെന്നൈയിന് തൊട്ടു മുൻപിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് സീസൺ അവസാനിപ്പിച്ചത്. കഴിഞ്ഞ സീസണിൽ ഡേവിഡ് ജെയിംസും നിലോ വെങ്കദയുടെ പരിശീലിപ്പിച്ചെങ്കിലും ടീം എന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്‌സ് വളരെ മോശം പ്രകടനമാണ് പുറത്തെടുത്തത്.