ഇന്ത്യയിലെ ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച് കൊണ്ട് റഷ്യയിൽ പന്ത് തട്ടിയ താരത്തെ സ്വന്തമാക്കി കൊൽക്കത്ത ഭീമന്മാരായ ഈസ്റ്റ് ബംഗാൾ. ലോകകപ്പിൽ കോസ്റ്ററിക്കക്ക് വേണ്ടി മൂന്ന് മത്സരങ്ങളിൽ ബൂട്ട് കെട്ടിയ ജോണി അക്കോസ്റ്റയാണ് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയത്. ഐ.എസ് എൽ ടീമുകൾക്ക് പോലും കൈവരിക്കാനാവാത്ത നേട്ടമാണ് ഇതിലൂടെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയത്. ബ്രസീലിനെതിരെ റഷ്യ ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാത്ത താരം കൂടിയാണ് ജോണി അക്കോസ്റ്റ.
കഴിഞ്ഞ ദിവസം പുതിയ സ്‌പോൺസറെ കണ്ടെത്തിയ ഈസ്റ്റ് ബംഗാൾ ഇത്തവണ ഐ ലീഗിൽ കിരീടം നേടാൻ ഉറച്ച് തന്നെയാണ്. കൊളംബിയൻ ക്ലബായ റിയോനെഗ്രോ അഗ്വില്ലയുടെ താരമാണ് അക്കോസ്റ്റ. 34 കാരനായ അക്കോസ്റ്റ കോസ്റ്റാറിക്കക്ക് വേണ്ടി 71 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. റഷ്യയിൽ നടന്ന ലോകകപ്പ് അടക്കം രണ്ടു ലോകകപ്പിലും കോസ്റ്റാറിക്കയെ പ്രധിനിധികരിച്ച് താരം കളിച്ചിട്ടുണ്ട്. തന്റെ 29മത്തെ വയസ്സിലാണ് താരം കോസ്റ്റാറിക്ക ദേശിയ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ചത്.