മലയാളികളുടെ അഭിമാനം കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ മത്സരങ്ങൾ ഒഴിവാക്കി ഇന്ത്യയിലേക്ക് തിരികെ മടങ്ങുന്നു. ഏറെ പ്രതീക്ഷകളുമായി യൂഎഈയിൽ പ്രീ സീസണായി എത്തിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചത് മോശം അനുഭവങ്ങളാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ആരാധകരുള്ള ടിമിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സ്പോൺസർമാർക്ക് സാധിച്ചില്ല.
മോശം അനുഭവമാണ് വിദേശ താരങ്ങളടക്കമുള്ള ബ്ലാസ്റ്റേഴ്സിനും ഡച്ച് കോച്ച് എൽകോ ഷറ്റോരിക്കും ഏറ്റുവാങ്ങേണ്ടി വന്നത്. താമസസൗകര്യം തുടങ്ങി ഭക്ഷണം മുതൽ പരിശീലനത്തിന് വരെ മികച്ച സൗകര്യങ്ങൾ ഒരുക്കാൻ സ്പോൺസർമാർക്ക് സാധിച്ചില്ല. ആദ്യ പ്രീ സീസൺ മത്സരത്തിന് ബ്ലാസ്റ്റേഴ്സ് എത്തിയത് തൊഴിലാളികളെ കൊണ്ടു പോകുന്ന ലേബർ വാനിലാണ്. ആരാധകകൂട്ടായ്മയായ മഞ്ഞപ്പടയുടെ മെംബറിന്റെ കാറിലാണ് കോച്ച് സ്റ്റേഡിയത്തിൽ എത്തിയത്.
ഇത്രക്ക് ഗതികെട്ട പ്രീ സീസൺ മറ്റൊരു ഇന്ത്യൻ ടീമിനും അനുഭവിക്കേണ്ടി വന്നുകാണില്ല. പ്രവാസി ആരാധകരിൽ നിന്നും നല്ല തുക ഈടാക്കിയാണ് പ്രീ സീസൺ ടിക്കറ്റുകൾ വില്പന നടത്തിയതും. സെപ്റ്റംബർ 28 വരെ ബ്ലാസ്റ്റേഴ്സ് യൂഎഈയിൽ തുടരാനാണ് ആദ്യം പ്ലാനിട്ടത്. മിച്ചി സ്പോർട്സ് ഹാളുമായി സഹകരിച്ചാകും കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസൺ പര്യടനം ആരംഭിക്കാനിരുന്നത്. ദിബ്ബ അൽ ഫുജൈർ എഫ്സിയോട് ആദ്യമത്സരത്തിൽ ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയിരുന്നു.