ഈ സീസണിലെങ്കിലും ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം കൊച്ചിയിലെത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങി തന്നെയാണ്. ഐഎസ്എൽ സീസൺ ആരംഭിക്കുന്നതിനു മുന്നോടിയായി പ്രീ സീസൺ മത്സരങ്ങൾക്ക് ഒരുങ്ങുകയാണ് ബ്ലാസ്റ്റേഴ്‌സ്. ലോകകപ്പ് ആരവങ്ങൾ ഉയരുമ്പോൾ പുതിയ സീസണിന് വേണ്ടി ഒരുങ്ങാൻ താരങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ്. ജൂലൈ 24 മുതൽ 28 വരെ കൊച്ചിയിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് പ്രീ സീസൺ ടൂർണമെണ്ട് നടക്കുന്നത്.
മെൽബൺ സിറ്റിയും, ജിറോണ എഫ്‌സിയുമടങ്ങുന്ന വമ്പന്മാരോടാണ് പ്രീസീസണിൽ ബ്ലാസ്റ്റേഴ്‌സ് ഏറ്റുമുട്ടേണ്ടത്. പ്രീ സീസൺ മത്സരങ്ങളിൽ വിജയിച്ചു തുടങ്ങി കിരീടം സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ കിരീട സ്വപ്നങ്ങൾക്കൊപ്പം ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളും ഒരിക്കൽ യാഥാർഥ്യമാവട്ടെയെന്നാണ് സമൂഹമാധ്യമത്തിലൂടെ ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് ആശംസിച്ചത്.