ഐ ലീഗിൽ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ട ബിലാൽ ഖാനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ സീസണിൽ ഐ ലീഗിൽ റിയൽ കാശ്മീരിന് വേണ്ടി മികച്ച പ്രകടനം ബിലാൽ ഖാൻ പുറത്തെടുത്തിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പറായ ധീരജിന് ബിലാലിന്റെ വരവ് കടുത്ത വെല്ലുവിളിയാണ്.
പൂനെ സിറ്റിയിൽ നിന്ന് ലോൺ അടിസ്ഥാനത്തിലാണ് ബിലാൽ ഖാൻ കഴിഞ്ഞാ തവണ റിയൽ കാശ്മീരിന് വേണ്ടി കളിച്ചത്. കഴിഞ്ഞ സീസണിൽ കേരളത്തിലെ ഐ ലീഗ് ടീമായ ഗോകുലം കേരളക്ക് വേണ്ടിയും ബിലാൽ ഖാൻ കളിച്ചിട്ടുണ്ട്.
ഈ സീസണിൽ ദുരന്തമായി മാറിയ കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്ക് മികച്ച താരങ്ങളെ ടീമിലെത്തിച്ച് ഐ.എസ്.എൽ കിരീടം കേരളത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ്. സി.ഇ.ഓ സ്ഥാനത്ത് വീരൻ ഡി സിൽവയെ നിയമിച്ച കേരള ബ്ലാസ്റ്റേഴ്‌സ് മലയാളി യുവതാരം കെ.പി രാഹുലിനെയും സ്വന്തമാക്കിയിരുന്നു.