ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെമി ഫൈനലിലെ രണ്ടാം പാദ മത്സരത്തിൽ ബെംഗളൂരു എഫ് സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ആദ്യ പാദത്തിൽ ഗുവാഹത്തിയിൽ വെച്ച് നേടിയ 2-1ന്റെ നേരിയ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് നോർത്ത് ഈസ്റ്റ് ഇന്ന് ഇറങ്ങുക.
അതെ സമയം സ്വന്തം കാണികൾക്ക് മുൻപിൽ വിജയിച്ച് ഫൈനൽ ഉറപ്പിക്കാനാവും ബെംഗളുരുവിന്റെ ശ്രമം. നോർത്ത് ഈസ്റ്റിന്റെ ഗ്രൗണ്ടിൽ ബെംഗളൂരു നേടിയ എവേ ഗോൾ ഇന്നത്തെ മത്സരത്തിൽ നിർണായകമാണ്. ഇന്ന് 1-0ന്റെ ജയം നേടിയാൽ പോലും എവേ ഗോളിന്റെ പിൻബലത്തിൽ ബെംഗളൂരു ഫൈനൽ ഉറപ്പിക്കും. സ്വന്തം ഗ്രൗണ്ടിൽ ഈ സീസണിൽ ഇതുവരെ തോൽവിയറിയാതെ കുതിക്കുന്ന ബെംഗളുരുവിന് തന്നെയാണ് ഇന്നത്തെ മത്സരത്തിൽ മുൻതൂക്കം.
അതെ സമയം നോർത്ത് ഈസ്റ്റിനു ഫൈനൽ ഉറപ്പിക്കാൻ ഇന്ന് ഒരു സമനില മാത്രം മതിയാവും. ഇന്നത്തെ മത്സരത്തിൽ 2-1 എന്ന സ്കോർ വന്നാൽ മാത്രമേ എക്സ്ട്രാ ടൈം ആവശ്യമായി വരുകയുള്ളു. ആദ്യ പാദത്തിൽ ലീഡ് ഉണ്ടെങ്കിലും താരങ്ങൾക്കേറ്റ പരിക്ക് നോർത്ത് ഈസ്റ്റിനു കടുത്ത വെല്ലുവിളിയാണ്.