2022ലെ ഖത്തർ ലോകകപ്പിനായുള്ള ആവേശമുയർന്നു. ഇന്ത്യയുടെ യോഗ്യതാ മത്സരങ്ങളിലെ എതിരാളികൾ ആരെന്നറിഞ്ഞു. രണ്ടാം ഘട്ട യോഗ്യതക്കായുള്ള നറുക്കെടുപ്പാണ് ഇന്ന് മലേഷ്യയിൽ നടന്നത്. നറുക്കെടുപ്പിൽ ഇന്ത്യ ഗ്രൂപ്പ് E ആണ് എത്തപ്പെട്ടത്. ഖത്തർ, ഒമാൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ ടീമുകൾ ആണ് ഈ ഗ്രൂപ്പിലുള്ളത്. ഒമാനും ഖത്തറും കട്ടക്കലിപ്പ് ടീമാണെങ്കിലും ഇന്ത്യൻ യുവനിര അദ്ഭുതങ്ങൾ കാണിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
40 ടീമുകൾ ആണ് ഈ ഘട്ടത്തിൽ എറ്റുമുട്ടുക. 40 ടീമുകളെ 5 രാജ്യങ്ങൾ വീതമുള്ള എട്ടു ഗ്രൂപ്പാക്കിമാറ്റും.
ഈ എട്ട് ഗ്രൂപ്പുകളിൽ ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എങ്കിലും എത്തിയാൽ മാത്രമേ യോഗ്യതാ റൗണ്ടിന്റെ മൂന്നാം ഘട്ടത്തിലേക്ക് ഇന്ത്യക്ക് കടക്കാൻ ആവുകയുള്ളു. ലോകകപ്പ് യോഗ്യതയും അതുപോലെ തന്നെ അടുത്ത ഏഷ്യൻ കപ്പിനായുള്ള യോഗ്യതയും ഈ ഗ്രൂപ്പ് റിസൾട്ട് പരിഗണിച്ചായിരിക്കും. ഇന്ത്യക്ക് സെപ്തംബറിലായിരിക്കും യോഗ്യത മത്സരങ്ങൾ ഉണ്ടാവുക.