ചര്‍ച്ചില്‍ ബ്രദേഴ്‌സില്‍ നിന്ന് ബ്രൈസ് മിറാന്‍ഡയെ വെളിപ്പെടുത്താത്ത തുകയ്ക്ക് കരാറാക്കുന്നതില്‍ ധാരണയിലെത്തിയതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സന്തോഷപൂര്‍വം സ്ഥിരീകരിച്ചു. 2026വരെ ക്ലബ്ബില്‍ തുടരുന്ന മള്‍ട്ടി ഇയര്‍ കരാറിലാണ് ഒപ്പിട്ടത്.
മുംബൈ എഫ്‌സിയില്‍ നിന്നാണ് മിറാന്‍ഡ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ജീവിതം ആരംഭിച്ചത്. അണ്ടര്‍ 18വരെയുള്ള എല്ലാ പ്രായവിഭാഗത്തിലുള്ള ടീമുകളെയും പ്രതിനിധീകരിച്ചു. 2018ല്‍ എഫ്‌സി ഗോവയുടെ ഡെവലപ്‌മെന്റല്‍ ടീമില്‍ ചേരുന്നതിന് മുമ്പ് ചെറിയ കാലയളവിലേക്ക് യൂണിയന്‍ ബാങ്ക് എഫ്‌സിക്കായി കളിച്ചു. ഒരു വര്‍ഷത്തിനുശേഷം ഇന്‍കം ടാക്‌സ് എഫ്‌സിയില്‍ ചേര്‍ന്നു. എല്ലാ പ്രതീക്ഷകള്‍ക്കുമപ്പുറത്തെ പ്രകടനമായിരുന്നു അദ്ദേഹത്തിന് ആ സീസണില്‍. 2019ലെ എലൈറ്റ് ഡിവിഷനില്‍ മൂന്ന് ഗോളടിക്കുകയും 10 എണ്ണത്തിന് അവസരമൊരുക്കയും ചെയ്തു.
2020ല്‍ ഗോവന്‍ ഐ ലീഗ് ക്ലബ്ബായ ചര്‍ച്ചില്‍ ബ്രദേഴ്‌സുമായി ബ്രൈസ് കരാര്‍ ഒപ്പിട്ടു. ക്ലബ്ബിനായി 33 മത്സരങ്ങള്‍ കളിച്ച അദ്ദേഹം കഴിഞ്ഞ രണ്ട് സീസണുകളില്‍ ഐ ലീഗ് ചാന്പ്യന്‍ഷിപ്പിനായി ശക്തമായി പോരാടിയ ഗോവന്‍ ടീമിന്റെ അവിഭാജ്യ ഘടകമായി. ഈ കാലയളവില്‍ രണ്ട് ഗോളും മൂന്ന് അവസരമൊരുക്കലും അദ്ദേഹത്തിനുണ്ടായിരുന്നു.