കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായി പിരിഞ്ഞ് ക്രൊയേഷ്യൻ ഡിഫൻഡർ മാർക്കോ ലെസ്‌കോവിച്ചും ജാപ്പനീസ് ഫോർവേഡ് ഡെയ്‌സുകെ സകായിയും.
സമൂഹമാധ്യമങ്ങളിലൂടെ ജൂൺ 1 ശനിയാഴ്ചയാണ് ക്ലബ് ഈ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇരുവരുടെയും കരാർ മെയ് 31ന് അവസാനിച്ചിരുന്നു.
2021ൽ ക്ലബിനൊപ്പം ചേർന്ന ക്രൊയേഷ്യൻ താരമായ മാർക്കോ ലെസ്‌കോവിച്ച് ഇന്ത്യൻ സൂപ്പർ ലീഗിൽ 48 മത്സരങ്ങളിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ അഡ്രിയാൻ ലൂണയുടെയും ദിമിത്രിയോസ് ഡയമന്റക്കോസിന്റെയും അഭാവത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റൻ സ്ഥാനവും താരം വഹിച്ചിരുന്നു.
ജാപ്പനീസ് ഫോർവേഡ് ഡെയ്സുകെ സകായും ബ്ലാസ്റ്റേഴ്‌സുമായി വേർപിരിഞ്ഞു. പത്താം സീസണിൽ ഏഷ്യൻ താരമായാണ് ഡെയ്സുകെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുന്നത്. കഴിഞ്ഞ സീസണിൽ 21 മത്സരങ്ങളിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങിയ താരം മൂന്നു ഗോളുകളും ഒരു അസിസ്റ്റും ടീമിനായി നേടിയിരുന്നു.