ഗ്രീക്ക് മുന്നേറ്റ താരം ദിമിത്രിയോസ് ഡയമാന്റകോസ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയിൽ. ഡയമാന്റകോസുമായി കരാറിലെത്തിയതായി ക്ലബ്ബ് സന്തോഷപൂർവം പ്രഖ്യാപിച്ചു. ക്രൊയേഷ്യൻ ടോപ് ഡിവിഷൻ ക്ലബ്ബ് എച്ച്‌എൻകെ ഹയ്‌ദുക് സ്‌പ്‌ളിറ്റിൽനിന്നാണ് ഇരപത്തൊമ്പതുകാരനായ മുന്നേറ്റ താരം കേരള ബ്ലാസ്‌റ്റേഴ്‌സിൽ എത്തിയത്.
ഗ്രീക്ക് ക്ലബ്ബ് അട്രോമിറ്റോസ് പിറായുസിനൊപ്പമായിരുന്നു ഈ സ്‌ട്രൈക്കറുടെ യൂത്ത് കരിയർ ആരംഭിച്ചത്. 2009ൽ ഒളിന്പിയാകോസിന്റെ യൂത്ത് ടീമിൽ ചേർന്നു. അണ്ടർ 19 ലീഗിലെയും യൂത്ത് ചാൻപ്യൻസ് ലീഗിലെയും മികച്ച പ്രകടനം അദ്ദേഹത്തിന് ക്ലബ്ബിന്റെ സീനിയർ ടീമുമായി കരാർ നൽകി. 2012നും 2014നും ഇടയിൽ വിവിധ ഗ്രീക്ക് ക്ലബ്ബുകളായ പനിയോനിയോസ് ഏതൻസ്, അറിസ് തെസലോനികി, എർഗോടെലിസ് എഫ്‌സി എന്നിവയ്‌ക്കായി വായ്‌പാടിസ്ഥാനത്തിൽ കളിച്ചു.
2020 ജൂലൈയിൽ ക്രൊയേഷ്യൻ ടോപ് ഡിവിഷൻ ക്ലബ്ബ് ഹയ്‌ദുക് സ്‌പ്‌ളിറ്റുമായി മൂന്ന് വർഷത്തെ കരാറിലൊപ്പിട്ടു. 30ൽ കൂടുതൽ മത്സരങ്ങളിൽ ഇറങ്ങുകയും ചെയ്‌തു. ബ്ലാസ്‌റ്റേഴ്‌സിൽ ചേരുന്നതിന് മുന്പ് ഇസ്രയേലി ക്ലബ്ബ് എഫ്‌സി അസ്‌ഹഡോഡിനൊപ്പം വായ്‌പാടിസ്ഥാനത്തിൽ കളിക്കുകയായിരുന്നു ദിമിത്രിയോസ്. ഗ്രീസിനായി എല്ലാ യൂത്ത് വിഭാഗങ്ങളിലും ദിമിത്രിയോസ് പ്രതിനിധീകരിച്ചിട്ടുണ്ട്. 46 മത്സരങ്ങളിൽ 19 ഗോളുംനേടി. യൂറോപ്യൻ അണ്ടർ 19 ചാൻപ്യൻഷിപ്പിൽ റണ്ണറപ്പായ ടീമിനൊപ്പമുണ്ടായിരുന്നു. ടൂർണമെന്റിലെ രണ്ടാമത്തെ ടോപ് സ്‌കോററുമായി. ഡയമാന്റകോസ് ഗ്രീസ് ദേശീയ ടീമിനായി അഞ്ച് തവണ കളിച്ചിട്ടുണ്ട്. മുൻ പ്രീമിയർ ലീഗ് ചാമ്പ്യൻ കോച്ച് ക്‌ളോഡിയോ റനിയേരിക്ക് കീഴിലാണ് കളിച്ചത്.