കേരള ബ്ലാസ്റ്റേഴ്സ്‌ നെക്സ്റ്റ് ജെൻ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു !

കൊച്ചി, ജൂലൈ 23, 2022: നെക്സ്റ്റ് ജെന്‍ കപ്പ് 2022 ടൂർമെന്റിനുള്ള 18 അംഗ ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി. സംഘം ഞായറാഴ്ച (24-07-2022) ലണ്ടനിലെത്തും. ജൂലൈ 26ന് ആരംഭിക്കുന്ന ടൂർണമെന്റിൽ പ്രമുഖ പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. അണ്ടർ 21 താരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിയുന്നത്. ഇതിന് പുറമെ രണ്ട് അണ്ടർ 23 താരങ്ങൾക്കും ടീമിനായി കളിക്കാൻ സാധിക്കും. ബ്ലാസ്റ്റേഴ്‌സ് സീനിയർ സംഘത്തിലെ യുവതാരങ്ങൾക്ക് പുറമെ റിസർവ് ടീമിൽ നിന്നുള്ള കളിക്കാരും ബ്ലാസ്റ്റേഴ്‌സും സംസ്ഥാന കായിക വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമായ സ്‌പോർട്സ് കേരള ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന അക്കാദമിയില്‍ നിന്നുള്ള കളിക്കാരും ടീമിലുണ്ട്.

കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങളിലായി ഗോവയിൽ നടന്ന റിലയൻസ് ഫൗണ്ടേഷന്‍ ഡെവലപ്മെന്റ് ലീഗിൽ റണ്ണേഴ്സ്അപ്പ് ആയതോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് നെക്സ്റ്റ് ജെൻ കപ്പിന് ടിക്കറ്റ് ഉറപ്പിച്ചത്. തിരുവനന്തപുരം ജി.വി രാജ സ്‌പോർട്സ് സ്‌കൂളിലെ അക്കാദമിയിൽ ഒരു മാസത്തെ പരിശീലനത്തിനു ശേഷമാണ് ടീം ടൂർണമെന്റിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്. തോമക് ഷ്വൊസാണ് ടീമിന്റെ മുഖ്യ പരിശീലകൻ. ടി.ജി. പുരുഷോത്തമൻ സഹപരിശീലകനും റഫാല്‍ ക്വിഷെൻ ടീമിന്റെ ഗോൾകീപ്പിംഗ് പരിശീലകനുമാണ്. ടീം അനലിസ്റ്റ് അനുഷ് ആദിത്യ, ഫിസിയോ അരിത്ര നാഗ് എന്നിവരും ബ്ലാസ്റ്റേഴ്സ് സംഘത്തോടൊപ്പമുണ്ട്.

പ്രീമിയര്‍ ലീഗും ഇന്ത്യൻ സൂപ്പർലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. യുവ ഫുട്‌ബോളർമാർക്ക് അന്താരാഷ്ട്ര നിലവാരത്തിലും സാഹചര്യങ്ങളിലും കളിക്കാനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

സ്ക്വാഡ്: സച്ചിൻ സുരേഷ്, മുഹമ്മദ് മുർഷിദ്, മുഹീത് ഷബീർ ഖാൻ, മുഹമ്മദ് ബാസിത്, ഹോർമിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മർവാൻ ഹുസൈൻ, ഷെറിൻ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്സൺ സിങ്, ആയുഷ് അധികാരി, ഗിവ്സൺ സിങ്, മുഹമ്മദ് അസർ, മുഹമ്മദ് അജ്സൽ, മുഹമ്മദ് അയ്മിൻ, നിഹാൽ സുധീഷ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here