കൊച്ചി, ജൂലൈ 08, 2022: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2022/23 സീസണിനായി ഗ്രീക്ക്-ഓസ്ട്രേലിയന്‍ ഇന്റര്‍നാഷണല്‍ സ്ട്രൈക്കറായ അപ്പോസ്തൊലോസ് ജിയാനുവിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. താരവുമായുള്ള കരാര്‍ ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എ ലീഗ് ക്ലബ്ബായ മക്കാര്‍ത്തര്‍ എഫ്സിയില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്സിലെത്തുന്ന താരം 2023 സമ്മർ സീസൺ വരെ യെല്ലോ ജഴ്സി അണിയും.
ഗ്രീസിൽ ജനിച്ച് ജിയോനു, ചെറുപ്പത്തില്‍ തന്നെ ഓസ്ട്രേലിയയിലേക്ക് മാറി. ഓക്ലെയ് കാനന്‍സിലെ പ്രൊഫഷണല്‍ അരങ്ങേറ്റത്തിന് മുമ്പ് വിക്ടോറിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പോര്‍ട്ട്, സൗത്ത് മെല്‍ബണ്‍ എന്നിവയുടെ യൂത്ത് ടീമുകള്‍ക്ക് വേണ്ടി കളിച്ചു. പതിനാല് വര്‍ഷം മുമ്പ് ഗ്രീക്ക് ഫസ്റ്റ് ഡിവിഷന് ടീമായ അപ്പോലോണ്‍ കലമാരിയസിലേക്കുള്ള ട്രാന്‍സ്ഫറിനെ തുടര്‍ന്ന് വിദേശത്തേക്ക് പോയി. കവാല, പിഎഒകെ, എത്നിക്കോസ്, പാനിയോനിയോസ്, ആസ്റ്റെറിസ് ട്രിപ്പോളി തുടങ്ങിയ നിരവധി ഗ്രീക്ക് ഫസ്റ്റ് ഡിവിഷന് ടീമുകള്‍ക്കൊപ്പം 150ലധികം മത്സരങ്ങള്‍ കളിച്ച താരം 38 ഗോളുകളും 15 അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു.