അഡ്രിയാന്‍ ലൂണയുമായുള്ള കരാര്‍ നീട്ടി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ 

കൊച്ചി, ജൂലൈ 22, 2022: മധ്യനിര താരം അഡ്രിയാന്‍ നിക്കോളാസ്‌ ലൂണ റെട്ടാമറുമായുള്ള കരാര്‍ രണ്ട് വര്‍ഷത്തേക്ക്‌ കൂടി നീട്ടിയതായി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സി സന്തോഷപൂര്‍വം പ്രഖ്യാപിച്ചു.

തുടക്കത്തില്‍ രണ്ട്‌ വര്‍ഷത്തെ കരാറിലാണ്‌ ഈ ഉറുഗ്വേന്‍ അറ്റാക്കിങ്‌ മിഡ്‌ഫീല്‍ഡര്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സിയില്‍ ചേര്‍ന്നത്‌. പുതിയ കരാര്‍ പ്രകാരം 2024 വരെ അദ്ദേഹം ക്ലബ്ബില്‍ തുടരും.

ക്ലബ്ബ്‌ വൈസ്‌ ക്യാപ്‌റ്റനായിട്ടായിരുന്നു ക്ലബ്ബില്‍ അഡ്രിയാന്‍ ലൂണ തുടങ്ങിയത്‌. പിന്നീട്‌ ജെസെല്‍ കര്‍ണെയ്‌റോ പരിക്കേറ്റ്‌ പുറത്തായതോടെ ലൂണ പകരം ക്യാപ്‌റ്റനായി. ബ്ലാസ്‌റ്റേഴ്‌സിലെ തന്റെ കന്നിസീസണില്‍ ആറ്‌ ഗോളുകള്‍ നേടിയ ലൂണ ഏഴ്‌ ഗോളുകള്‍ക്ക് അവസരമൊരുക്കുകയും ചെയ്തു. എല്ലായ്‌പ്പോഴും ഊര്‍ജ്വസലതയോടെ കളംനിറഞ്ഞ്‌ ഓടുന്ന ലൂണ ടാക്ലിങ്ങിലും പന്ത്‌ തിരിച്ചെടുക്കുന്നതിലും കഴിഞ്ഞ വര്‍ഷത്തെ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഉന്നത നിലവാരം പുലര്‍ത്തി. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ സംഭാവന നല്‍കുന്ന അദ്ദേഹം ഹീറോ ഐഎസ്‌എല്‍ ഓഫ്‌ ദി ഇയര്‍ ടീമിലും ഇടംനേടി.

കഴിഞ്ഞ സീസണില്‍ കെബിഎഫ്‌സി കരാര്‍ ഒപ്പിട്ട ആദ്യ വിദേശ കളിക്കാരനായിരുന്നു ലൂണ. ഈ സീസണില്‍ വിക്ടര്‍ മോംഗില്‍, ഇവാന്‍ കലിയൂഷ്‌നി, ജിയാനു അപ്പോസ്‌തലോസ്‌ തുടങ്ങിയ നിരവധി പുതിയ വിദേശ കളിക്കാരെ ക്ലബ്ബ് ഇതിനകം ക്ലബിലെത്തിച്ചിട്ടുണ്ട്. ഓഫ്‌ സീസണില്‍ കെബിഎഫ്‌സി നിരവധി കളിക്കാരുടെ കരാറും നീട്ടി. ലൂണയ്‌ക്കൊപ്പം, ബിജോയ് വര്‍ഗീസ്, ജീക്‌സണ്‍ സിങ്‌, മാര്‍ക്കോ ലെസ്‌കോവിച്ച്‌, പ്രഭ്‌സുഖന്‍ ഗില്‍, കരണ്‍ജിത് സിങ്‌, സന്ദീപ് സിങ്‌ എന്നിവരുടെ കരാര്‍ ബ്ലാസ്റ്റേഴ്‌സ് നീട്ടിയിട്ടുണ്ട്. ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2022/23 സീസണിന് മുന്നോടിയായി ഓഗസ്റ്റ് ഒന്നിന് കൊച്ചിയില്‍ പ്രീസീസണ്‍ ആരംഭിക്കാനിരിക്കെ,ലൂണയും കൂട്ടരും ക്ലബ്ബിനെ മുന്നോട്ട് നയിക്കുമെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഉറച്ച പ്രതീക്ഷ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here