കൊച്ചിയിൽ മഴ കനക്കുന്നു. മഞ്ഞപ്പടയുടെ മത്സരം കാണാൻ ആയിരങ്ങളാണ് കൊച്ചിയിലേക്ക് കേരളത്തിന്റെ നാനാ ഭാഗത്ത് നിന്നും വരുന്നത്. കിക്കോഫിന് ടൈം ആകുമ്പോളേക്കും മഴ കുറയുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ. കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ മുംബൈ സിറ്റി എഫ്.സിയെ നേരിടും.
കൊച്ചിയും കലൂർ സ്റ്റേഡിയവും പരിസരവും ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെകൊണ്ട് മഞ്ഞ പുതച്ച് കഴിഞ്ഞു. കഴിഞ്ഞ മത്സരത്തിൽ എ.ടി.കെയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വരവ്. ഹോം മാച്ചിൽ മുംബൈയെ കമ്മട്ടിപ്പാടം വഴി ഓടിക്കാനാണ് മഞ്ഞപ്പടയുടെ ശ്രമം.
കഴിഞ്ഞ മത്സരത്തിൽ വിദേശ താരങ്ങളായ നിക്കോളയും സ്റ്റോഹനവിച്ചും പോപ്ലാനിക്കും മികച്ച പ്രകടനം പുറത്തെടുത്തതും പരിശീലകൻ ഡേവിഡ് ജെയിംസിന് ആത്മവിശ്വാസം നൽകും. മഴ പ്രതീക്ഷകൾ തകിടം മറിച്ചില്ലെങ്കിൽ മഞ്ഞപ്പടയെ കാത്തിരിക്കുന്നത് വേറെ ലെവൽ മത്സരമാണെന്നുറപ്പാണ്.