ഇന്ത്യൻ സൂപ്പർ ലീഗിൽ ചരിത്രമെഴുതാൻ മഞ്ഞപ്പടയുടെ നായകൻ സന്ദേശ് ജിങ്കൻ. ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മാച്ചിലെ വിസിൽ മുഴങ്ങുമ്പോൾ ക്യാപ്റ്റൻ ജിങ്കൻ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമായി മാറും. ഓരോ ബ്ലാസ്റ്റേഴ്‌സ് ആരാധകനും അഭിമാനിക്കാവുന്ന നിമിഷമാണ് കൊച്ചിയിലെ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരൊറ്റ ക്ലബിന് വേണ്ടി മാത്രമേ ജിങ്കൻ ബൂട്ടണിഞ്ഞിട്ടുള്ളു.
ഇന്നത്തേത് ജിങ്കന്റെ ഐഎസ്എല്ലിലെ അറുപതാം മത്സരമാണ്. ആദ്യമായി അറുപത് മത്സരങ്ങൾ കളിക്കുന്ന ഇന്ത്യൻ താരമെന്ന പദവിയും ജിങ്കന് സ്വന്തം. കഴിഞ്ഞ മത്സരത്തിൽ ബൂട്ടണിഞ്ഞപ്പോൾ ഹ്യുമേട്ടന്റെ ഏറ്റവും കൂടുതൽ മത്സരങ്ങൾ എന്ന റെക്കോർഡിനൊപ്പം ജിങ്കൻ എത്തിയിരുന്നു. ഹ്യൂമിനും ജിങ്കനും ഇപ്പൊൾ 59 മത്സരങ്ങളാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ചിട്ടുള്ളത്. പരിക്കേറ്റ ഹ്യുമേട്ടൻ ജനുവരിയിൽ മാത്രമേ തിരിതെത്തുകയുള്ളു.