ക്ലബ്ബിന്റെ യെല്ലോ ഹാര്‍ട്ട് സംരംഭത്തിന്റെ ഭാഗമായി, കേരളത്തിലുടനീളമുള്ള കമ്മ്യൂണിറ്റികളെ ഫുട്ബോളിലൂടെ യോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എന്നും യെല്ലോ മ്യൂസിക് ആല്‍ബം പുറത്തിറക്കിയതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അഭിമാനത്തോടെ പ്രഖ്യാപിച്ചു. ആറ് മ്യൂസിക് ട്രാക്കുകള്‍ ഉള്‍ക്കൊള്ളുന്ന ആല്‍ബം വരുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണില്‍ സ്റ്റേഡിയം മിസ് ചെയ്യുന്ന
ലോകമെമ്പാടുമുള്ള ക്ലബിന്റെ അത്യാവേശം നിറഞ്ഞ ആരാധകര്‍ക്കായാണ് സമര്‍പ്പിച്ചിരിക്കുന്നത്. ആരാധകര്‍, കേരളത്തിന്റെ സംസ്കാരം, ക്ലബ് എന്നിവയില്‍ ശക്തമായി വേരൂന്നിയ ആല്‍ബത്തിന്റെ ട്രാക്കുകള്‍, കേരളത്തില്‍ നിന്ന് തന്നെയുള്ള പ്രശസ്ത സംഗീതജ്ഞരുടെ സംഭാവനയാണ്.
പ്രാദേശിക വിഷ്വലിസ്റ്റ് സജു മോഹനന് ആണ് ആല്‍ബം കവര്‍ ആര്‍ട്ട് രൂപകല്‍പ്പന ചെയ്തെന്നതും ശ്രദ്ധേയമാണ്.
ഒരു ഫുട്ബോള്‍ ആരാധകനെന്ന നിലയില്‍ ഈ ആല്‍ബത്തിന്റെ ഭാഗമാകാനുള്ള അവസരം ഞാന്‍ എപ്പോഴും ഓര്‍ത്തുവെയ്ക്കുന്ന ഒന്നായിരിക്കുമെന്ന് ക്ലബ്ബിന്റെ ആറ് ആവേശ ഗാനങ്ങളിലൊന്നായ തീക്കളി എന്ന ഗാനം ആലപിക്കുകയും സംഗീതം നല്‍കുകയും ചെയ്ത ജോബ് കുര്യന് പറഞ്ഞു. ഞങ്ങള്‍ ആദ്യമായിട്ടാണ് ഇതുപോലുള്ളൊരു പ്രൊജക്ടിനായി പ്രവര്‍ത്തിക്കുന്നതെന്നും, കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകര്‍ എത്രമാത്രം ആവേശഭരിതരാണെന്ന് കണക്കിലെടുക്കുമ്പോള്‍, ആ ഊര്‍ജ്ജം ഞങ്ങളുടെ സംഗീതത്തിലേക്ക് പകര്‍ത്താന്‍ ശ്രമിക്കുന്നത് കൂടുതല്‍ ആവേശകരമായിരുന്നുവെന്നും ആല്‍ബത്തിലെ ഒരു ഗാനമൊരുക്കിയ അഗം പറഞ്ഞു.