കേരള ബ്ലാസ്റ്റേഴ്സിൽ കരാർ പുതുക്കി സെയ്‌ത്യാസെൻസിംഗ്

വിംഗിലെ കൊടുംകാറ്റെന്ന്‌ ആരാധർ വിശേഷിപ്പിക്കുന്ന ഇന്ത്യൻ വിംഗർ സെയ്‌ത്യാസെൻസിംഗ് ഐഎസ്എൽ ഏഴാം സീസണിൽ വീണ്ടും മഞ്ഞ കുപ്പായത്തിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളത്തിലെത്തും. മണിപ്പൂർ സ്വദേശിയായ 28വയസ്സുകാരനായ സെയ്‌ത്യാസെൻസിംഗ് രണ്ട് വർഷത്തേക്കാണ് കെബിഎഫ്‌സിയുമായി കരാർ ദീർഘിപ്പിച്ചത്.

രണ്ടാം ഡിവിഷൻ ഐ ലീഗ് ക്ലബ്ബായ റോയൽവാഹിങ്‌ഡോഹിൽ തന്റെ പ്രൊഫഷണൽ ഫുട്ബോൾ ജീവിതം ആരംഭിച്ച അദ്ദേഹം 2015 വരെ അവിടെ തുടർന്നു. അതിനുശേഷം ഐഎസ്എൽ രണ്ടാം സീസണിൽ ലോണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയിൽ എത്തി. കളിക്കളത്തിലെ മിന്നും പ്രകടനം അതേ വർഷം തന്നെ അദ്ദേഹത്തെ ദേശീയ ടീമിലെത്തിച്ചു. 2017 ന്റെ തുടക്കത്തിൽ സാൽഗോക്കർ എഫ്‌സിയിൽ ചേർന്നു. 2018ൽ ലോണിൽ ഡി‌എസ്‌കെ ശിവാജിയൻസിനായി കളത്തിലിറങ്ങിയ അദ്ദേഹം പിന്നീട് ഐഎസ്എൽ ടീമായ ഡൽഹി ഡൈനമോസിലെത്തി. അവിടെ നിന്നും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയിലേക്ക് തിരികെ ചേക്കേറി.

ഐഎസ്എൽ ആറാം സീസണിൽ ബ്ലാസ്റ്റേഴ്സിൽ എത്തിയ സെയ്‌ത്യാസെൻസിംഗ്, പത്തു മത്സരങ്ങളിൽ നിന്നായി ഒരു ഗോളും ഒരു അസിസ്റ്റും ഉൾപ്പെടെ കരിയറിലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അദ്ദേഹത്തിന്റെ സ്ഥിരത, അനുഭവ സാമ്പത്ത്, ശ്രദ്ധേയമായ വേഗത, എതിരാളികളെ നേർക്കുനേർ സമർദ്ധമായി നേരിടാനും പന്തിന്റെ നിയന്ത്രണം നേടാനുമുള്ള കഴിവുകൾ എന്നിവ അദ്ദേഹത്തെ നിലനിർത്താൻ ക്ലബ്ബിന് പ്രേരണയേകി.

“കെ‌ബി‌എഫ്‌സിയുമായി കരാർ നീട്ടുന്നതിൽ ഞാൻ സന്തുഷ്ടനാണ്. കഴിഞ്ഞ സീസണിൽ എന്നെത്തന്നെ തെളിയിക്കാൻ ക്ലബ് എനിക്ക് അവസരം നൽകി. എന്റെ കഴിവുകളിൽ എനിക്ക് വിശ്വാസമുണ്ട്, ഒപ്പം ടീമിന്റെ വിജയത്തിന് സംഭാവന നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് ക്ലബ്ബിനോടും കായിക വിനോദത്തോടും ഉള്ള ആവേശവും അഭിനിവേശവും ഞാൻ എല്ലായ്പ്പോഴും സ്നേഹിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു, അവരുടെ മുന്നിൽ കളിക്കുമ്പോൾ എനിക്ക് സ്വന്തം വീട് എന്ന അനുഭവമാണ് ഉണ്ടാകാറ്. ” ക്ലബ്ബുമായുള്ള കരാർ വിപുലീകരണത്തെക്കുറിച്ച് സെയ്‌ത്യാസെൻസിംഗ് പറഞ്ഞു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here