കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരം ഇയാൻ ഹ്യൂം ഈ വരുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ടാവില്ലെന്ന് റിപ്പോർട്ടുകൾ. പുതിയ സീസണിനുള്ള ഒരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങാനിരിക്കെയാണ് ഇങ്ങനെ ഒരു റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. താരത്തെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് താല്പര്യം ഇല്ലെന്നാണ് അറിയാൻ കഴിയുന്നത്. ഇയാൻ ഹ്യൂം കേരള ബ്ലാസ്റ്റേഴ്സിൽ എത്തുമെന്ന് ഉറപ്പില്ലെങ്കിലും താരം അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. താരം ഇന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ താരം ജിമ്മിൽ പരിശീലനം ആരംഭിച്ചതായി അറിയിച്ചിരുന്നു.
കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ പരിക്കേറ്റ ഇയാൻ ഹ്യൂമിന് കേരള ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ മത്സരങ്ങളും കളിയ്ക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്ത്യൻ സൂപ്പർ ലീഗിന് ശേഷം നടന്ന സൂപ്പർ കപ്പിലും ഇയാൻ ഹ്യൂം കളിച്ചിരുന്നു. ഈ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച ഇയാൻ ഹ്യൂം 13 മത്സരങ്ങളിൽ നിന്ന് 5 ഗോളും നേടിയിരുന്നു. ഇതിൽ ഡൽഹി ഡൈനാമോസിനെതിരെയുള്ള ഒരു ഹാട്രിക്കും ഉണ്ടായിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കൂടെ ഉണ്ടായിരുന്ന ഇയാൻ ഹ്യൂം അന്ന് ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചിരുന്നു.
ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സത്യമാവരുതേ എന്നാണ് ഓരോ ബ്ലാസ്റ്റേഴ്സ് ആരാധകന്റെയും പ്രാർത്ഥന എങ്കിലും അടുത്ത ദിവസങ്ങളിൽ തന്നെ ഇതിനൊരു വ്യക്തത കൈവരുമെന്ന് പ്രതീക്ഷിക്കാം.