ഐഎസ്ൽ ഏഴാം സീസണിൽ ഗോവയിലെ അടച്ചിട്ട സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സ് പോരാട്ടം പൊടിപാറുമെന്നുറപ്പായി. എതിരാളികൾക്കെതിരെ ചടുലമായ ആക്രമണ നീക്കങ്ങൾക്ക് പേരുകേട്ട അർജന്റീനിയൻ താരം ഫകുണ്ടോ എബെൽ പെരേയ്റാ ബ്ലാസ്റ്റേഴ്സുമായി കരാറിലെത്തി. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലെത്തിയ ആദ്യ വിദേശതാരമാണ് ഫകുണ്ടോ പെരേയ്റ.
അർജന്റീനയിലെ തുറമുഖ നഗരമായ സരാട്ടെ സ്വദേശിയായ പെരേയ്റ അമേച്വർ ടീമായ എസ്റ്റുഡിയന്റ്സ് ഡി ബ്യൂണസ് അയേഴ്സിലാണ് തന്റെ ഔദ്യോഗിക ഫുട്ബാൾ ജീവിതം ആരംഭിച്ചത്. 2006മുതൽ 2009 വരെ അവിടെ തുടർന്ന അദ്ദേഹം ലോണിൽ ചിലിയൻ ഫുട്ബോൾ ക്ലബ്ബായ പലസ്തീനോയിലേക്ക് എത്തപ്പെടുകയും ടീമിനായി ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് അസിസ്റ്റുകളും ഒരു ഗോളും നേടി.
തുടർ വർഷങ്ങളിൽ ചിലിയൻ, മെക്സിക്കൻ, അർജന്റീനിയൻ ലീഗുകളിൽ മാറി മാറി മാറ്റുരച്ച അദ്ദേഹം പിന്നീട് ഗ്രീക്ക് ക്ലബ്ബായ പിഎഒകെയ് ക്കായി (PAOK) ബൂട്ടണിഞ്ഞു. സ്ട്രൈക്കറായും, ക്രിയേറ്റീവ് മിഡ്ഫീൽഡറായും കളിക്കാൻ കഴിയുന്ന പെരേയ്റയുടെ കരിയറിലെ ഏറ്റവും മികച്ച നീക്കമായി ആണ് അതിനെ വിലയിരുത്തുന്നത്. അന്നത്തെ പിഎഒകെ പരിശീലകൻ, ‘ഫാനൂറിസ്’ എന്ന് വിശേഷിപ്പിച്ച പെരേയ്റ
3 വർഷം കൊണ്ട് രണ്ട് ലോണുകളിൽ നിന്നായി 14 തവണ ടീമിനായി വലചലിപ്പിച്ചിട്ടുണ്ട്. ഇടതുകാൽ കളിക്കാരനായ അദ്ദേഹം 2018ൽ അപ്പോളൻ ലിമാസ്സോളിൽ എത്തുകയും ക്ലബ്ബിനായി യോഗ്യത മത്സരങ്ങൾ ഉൾപ്പടെ 53 മത്സരങ്ങളിൽ നിന്നായി 14 ഗോളുകളും 3 അസിസ്റ്റുകളും സ്വന്തമാക്കി. ബോക്സിൽ പെരേയ്റയുടെ ചടുലതയും, അനുഭവവ പരിജ്ഞാനവും, അർജന്റീനിയൻ നിലവാരവും സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങൾക്ക് കരുത്താകും.