കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനെ റാഞ്ചി മുംബൈ

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വീണ്ടുമൊരു ഞെട്ടിക്കുന്ന വാർത്ത. മഞ്ഞപ്പടയുടെ നായകനും ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരവുമായ ഒഗ്ബചെ കൊച്ചി വിട്ടു. കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും മുംബൈ സിറ്റി എഫ്സിയാണ് ഒഗ്ബചെയെ റാഞ്ചിയത്. മാഞ്ചസ്റ്റർ സിറ്റി ഗ്രൂപ്പിന്റെ പണക്കൊഴുപ്പിന് മുന്നിൽ ബ്ലാസ്റ്റേഴ്സ് കീഴടങ്ങുന്ന കാഴ്ച്ചയാണിന്ന് കാണുന്നത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് അടിച്ച 29 ഗോളുകളിൽ 15ഉം ബർതലമോവ് ഒഗ്ബചെ എന്ന പിഎസ്ജിയുടെ മുൻ നൈജീരിയൻ താരമാണ്. മുംബൈ സിറ്റിയുടെ അറ്റാക്കിംഗ് ഈ സൈനിംഗോടു കൂടി കൂടുതൽ കരുത്തരാകും. പരിശീലകൻ സെർജിയോ ലൊബേരോയുടെ പ്രത്യേക താല്പര്യമാണ് ബ്ലാസ്റ്റേഴ്സ് നായകനെ മുംബൈയിലേക്ക് എത്തിച്ചത്.

മഞ്ഞപ്പടയുടെ ഏറ്റവും പ്രധാനപ്പെട്ട താരമായ ഒഗ്ബെചെ ക്ലബ് വിടുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് വിദേശ താരങ്ങളുടെ ശമ്പളം വെട്ടി കുറക്കാൻ തീരുമാനിച്ചത് ഒഗ്ബെചെയും ക്ലബുമായുള്ള ബന്ധം വഷളാക്കിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനാണ് ഒഗ്ബചെ. ഒരൊറ്റ സീസണിലാണ് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ഒഗ്ബചെ ഏറ്റവുമധികം ഗോൾ അടിച്ച് കൂട്ടിയത്. സികെ വിനീത്, ഇയാൻ ഹ്യൂം അടക്കമുള്ള വെടിക്കെട്ട് താരങ്ങൾ വർഷങ്ങൾ കൊണ്ട് അടിച്ച് കൂട്ടിയ റെക്കോർഡാണ് ഒരൊറ്റ സീസണിൽ ഒഗ്ബചെ തകർത്തത്. എന്നന്നേക്കുമായി ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനസിൽ ഒരു ഇടം നേടിയാണ് ഒഗ്ബചെ എന്ന സൂപ്പർ താരം കൊച്ചി വിടുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here