ബ്ലാസ്റ്റേഴ്സ് മരണമാസ്സ്, ഇനി വോളിബോളിലും

ഫുട്ബോൾ രംഗത്ത് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബിന്റെ വിജയകരമായ മുന്നേറ്റത്തിന് ശേഷം മാതൃ കമ്പനിയായ ബ്ലാസ്റ്റേഴ്സ് സ്പോർട്സ് വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് റാഡ്‌നിച്കി ബ്ലാസ്റ്റേഴ്സ് എന്ന പേരിൽ വോളിബോൾ രംഗത്തും പുതിയ സംരംഭം തുടങ്ങുന്നു. സെർബിയൻ ഫസ്റ്റ് ഡിവിഷൻ ടൂർണമെന്റുകളിൽ ടീം പങ്കെടുക്കും. പ്രശസ്ത സെർബിയൻ ക്ലബ്ബായ റാഡ്‌നിച്കി ബെൽഗ്രേഡുമായി ചേർന്നുള്ള സംരംഭം വോളിബോളിന്റെ പരമ്പരാഗതമായ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നായ കേരളത്തിലെ പ്രഗൽഭർക്ക് അവസരമൊരുക്കും. സാങ്കേതിക വൈദഗ്ധ്യം, പരിശീലന സൗകര്യങ്ങൾ, പിന്തുണ എന്നിവ നൽകുന്നതിനു പുറമേ വളർന്നുവരുന്ന പ്രതിഭകളെ അന്താരാഷ്ട്ര രംഗത്തേക്ക് കൊണ്ടുവരാനും സാധിക്കും.

എഫ് ഐ വി ബി വോളിബോൾ നാഷൻസ് ലീഗിലെ പ്രധാനപ്പെട്ട ടീമുകളിൽ ഒന്നായ സെർബിയക്ക് കായിക രംഗത്ത് പ്രത്യേകിച്ച് വോളിബോളിൽ വലിയ പൈതൃകമുണ്ട്. രാജ്യത്തെ വനിതാ ദേശീയ വോളിബോൾ ടീം 2016 സമ്മർ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടി, 2018 എഫ്ഐവിബി വോളിബോൾ വനിതാ ലോക ചാമ്പ്യൻഷിപ്പിൽ കിരീടമണിഞ്ഞപ്പോൾ പുരുഷ ടീം സിഡ്നിയിൽ 2000 സമ്മർ ഒളിമ്പിക്സിൽ സ്വർണ്ണവും 1996 സമ്മർ ഒളിമ്പിക്സിൽ വെങ്കലവും നേടി. 2016 ൽ ആദ്യമായി ദേശീയ പുരുഷ ടീം എഫ്‌ഐവിബി വേൾഡ് ലീഗിലെ ചാമ്പ്യന്മാരായിരുന്നു. പുരുഷ വിഭാഗത്തിൽ മൂന്ന് തവണയും (2001, 2011, 2019) വനിതാ വിഭാഗത്തിൽ മൂന്ന് തവണയും (2011, 2017, 2019) സെർബിയ കിരീടം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇരു ടീമുകളും നിരവധി വെള്ളി, വെങ്കല മെഡലുകൾ നേടി .

“സ്പോർട്സ് എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ശാക്തീകരണത്തിനുള്ള ഒരു മാധ്യമമാണ്. കായിക മേഖലയിലെ സാഹോദര്യത്തിന്റെ സാമൂഹിക സാംസ്കാരിക പഠന അനുഭവം കൂടിയാണിത്. കഴിഞ്ഞ ആറു വർഷങ്ങൾ കൊണ്ട് ഫുട്ബോളിനോടും കായിക മേഖലയോടുമുള്ള കേരളത്തിന്റെ താൽപര്യത്തെകുറിച്ച് ഞങ്ങൾ പഠിച്ചിട്ടുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഇടയിൽ ഒരുപോലെ പ്രാധാന്യമുള്ള ഒരു കായിക വിനോദമായ വോളിബോളിനോടുള്ള സംസ്ഥാനത്തിന്റെ താൽപ്പര്യം ഞങ്ങൾ മനസ്സിലാക്കുന്നു. റാഡ്‌നിച്കി ബ്ലാസ്റ്റേഴ്സിനെ പരിചയപ്പെടുത്താനും സംസ്ഥാനത്തു നിന്നുള്ള പ്രതിഭകളെ തിരിച്ചറിയാനും അതുല്യമായ അവസരങ്ങൾ നൽകാനും അവരുടെ മികവ് തെളിയിക്കാനുള്ള ഒരു വേദി നിർമ്മിക്കാനും ഇത് ഞങ്ങളെ പ്രേരിപ്പിച്ചു”. ബ്ലാസ്റ്റേഴ്സ് സ്പോർട്സ് വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹ ഉടമ നിഖിൽ ഭരദ്വാജ് പറഞ്ഞു. വോളിബോളിൽ ആഴത്തിലുള്ള വേരുകളുള്ള റാഡ്‌നിച്കി ബെൽഗ്രേഡുമായി സഹകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. ഞങ്ങളുടെ സഹകരണത്തിന്റെ ഭാഗമായി കേരളത്തിലെ വോളിബോൾ കളിക്കാർക്ക് പ്രയോജനപ്പെടുന്നതിനായി സാംസ്കാരിക വിനിമയ പരിപാടികളും പരിശീലനവും ഉൾപ്പെടെയുള്ള നിരവധി പ്രവർത്തനങ്ങൾ ഞങ്ങൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്ലാസ്റ്റേഴ്സുമായുള്ള സഹകരണത്തിൽ റാഡ്‌നിച്കി ബെൽഗ്രേഡ് ടീമും ഏറെ സന്തോഷത്തിലാണ്. “സെർബിയയിലെ ഏറ്റവും പ്രശസ്തമായ കായിക വിനോദങ്ങളിലൊന്നായ വോളിബോളിൽ സമ്പന്നമായ പാരമ്പര്യമുള്ള ഒരു ക്ലബ്ബാണ് റാഡ്‌നിച്കി ബെൽഗ്രേഡ്. കേരളത്തിൽ വോളിബോൾ കായിക വിനോദങ്ങൾ വളർത്തുന്നതിനുള്ള ഈ മഹത്തായ പദ്ധതിയിൽ ബ്ലാസ്റ്റേഴ്സ് സ്പോർട്സ് വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡുമായി പങ്കാളിയാകാൻ ഞങ്ങൾക്ക് അഭിമാനവും സന്തോഷവുമുണ്ട്. ബി എസ് വി പി എൽ ടീമും ഞങ്ങളെപ്പോലെ സ്പോർട്സിനോട് ഏറെ ഉത്തരവാദിത്തം ഉള്ളവരാണ്. ഒരു ദീർഘകാല ബന്ധമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഭാവിയിൽ നമ്മുടെ ടീമിന്റെ പേര് റാഡ്‌നിച്കി ബ്ലാസ്റ്റേഴ്സ് എന്നാവും. നമ്മുടെ ഫസ്റ്റ് ടീമും, അക്കാദമി താരങ്ങളും “ റാഡ്‌നിച്കി ബ്ലാസ്റ്റേഴ്‌സ് “ എന്ന പേരിലുള്ള ജേഴ്സി അഭിമാനത്തോടുകൂടിയും ഉത്തരവാദിത്തത്തോടു കൂടിയും അണിയും “. റാഡ്‌നിച്കി ബെൽഗ്രേഡിന്റെ സ്പോർട്സ് ഡയറക്ടർ നിക്കോള ബിവറോവിക് പറഞ്ഞു

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here