ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മിഡ് ഫീൽഡിന് കരുത്തുപകരാൻ ഒരു യുവ താരം എത്തുന്നു. പതിനെട്ടുകാരനായ ഗിവ്സൺ സിംഗ് മൊയിരംഗ്ദെം കേരള ബ്ലാസ്റ്റേഴ്സുമായി കരാറിൽ ഒപ്പുവച്ചു. ഇന്ത്യൻ ആരോസിൽ നിന്നാണ് പ്രഗൽഭനായ ഈ യുവതാരം കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.
കഴിഞ്ഞ ഐ ലീഗ് സീസണിൽ ഇന്ത്യൻ ആരോസിനു വേണ്ടി പ്രൊഫെഷണൽ അരങ്ങേറ്റം കുറിച്ചുകൊണ്ട് 16 തവണ കളത്തിലിറങ്ങിയ ഗിവ്സൺ രണ്ടു ഗോളുകളും 2 അസിസ്റ്റുകളും ടീമിനായി കാഴ്ചവെച്ചു. ഫുട്ബോൾ പ്രേമികൾ ധാരാളമുള്ള മണിപ്പൂരിലെ മൊയ് രംഗ് എന്ന ചെറിയ പട്ടണത്തിൽ നിന്നാണ് ഗിവ്സൺ സിംഗ് വരുന്നത്. പഞ്ചാബ് എഫ് സി ക്ക് വേണ്ടി കളിച്ചാണ് ഗിവ്സൺ ഫുട്ബോൾ ലോകത്തേക്ക് പ്രവേശിക്കുന്നത്.
2016ഇൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ എലൈറ്റ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗിവ്സൺ ഇന്ത്യൻ ആരോസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് വരെ മൂന്നു വർഷം അവിടെ ചെലവഴിച്ചു. അണ്ടർ 16 ഇന്ത്യൻ ദേശീയ ടീമിന്റെ അവിഭാജ്യഘടകമായിരുന്ന ഗിവ്സൺ അംഗമായിരുന്ന ടീം 2018 ഇൽ മലേഷ്യയിൽ നടന്ന അണ്ടർ 16 എ എഫ് സി ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനൽ വരെ എത്തിയിരുന്നു. കൂടാതെ ദേശീയ അണ്ടർ 17 ടീമിലും ഗിവ്സൺ ഇടംപിടിച്ചിട്ടുണ്ട്. 2019 ജൂൺ നാലിന് റഷ്യയിൽ നടന്ന ഇന്റർനാഷണൽ അണ്ടർ-19 ചാംപ്യൻഷിപ്പിലും കളിച്ചു.