കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയിൽ നിന്നും വീരേൻ ഡിസിൽവ പടിയിറങ്ങി. ക്ലബ് സിഇഒ ആയിരുന്ന വിരേൻ ഡി സിൽവ 2020 ജൂൺ 1 മുതൽ ക്ലബ്ബിൽ നിന്നും വിടവാങ്ങിയതായി കെബിഎഫ്‌സി അറിയിച്ചു. 2019 മാർച്ചിൽ വിരേൻ ക്ലബിലേക്ക് മടങ്ങിയെത്തുന്നതിന് മുമ്പ്, 2014ൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസണിലാണ് വിരേൻ ആദ്യമായി കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. ആ സീസണിൽ ടീം ഫൈനലിലെത്തുകയും തുടർച്ചയായി 2 വർഷം അദ്ദേഹം ടീമിന്റെ ഭരണ നിർവഹണത്തിന് ചുക്കാൻ പിടിക്കുകയും ചെയ്തു.
“തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ അവിഭാജ്യ ഘടകമാണ് വിരേൻ. കെബിഎഫ്‌സിയിലെ എല്ലാവരും അദ്ദേഹത്തിന്റെ ഗണ്യമായ പരിശ്രമങ്ങൾക്ക് നന്ദി പറയാനും ഭാവിയിലെ എല്ലാ ഉദ്യമങ്ങൾക്കും അദ്ദേഹത്തെ ആശംസിക്കാനും ആഗ്രഹിക്കുന്നു.” കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഉടമ നിഖിൽ ഭരദ്വാജ് പറയുന്നു
“ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാൻ എനിക്ക് അവസരം നൽകിയ ക്ലബ് ഉടമകളോട് ഞാൻ നന്ദിയറിയിക്കുന്നു. കളിക്കളത്തിലും പുറത്തും ക്ലബ് വിജയത്തിന്റെ പുതിയ ഉയരങ്ങളിലെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” ക്ലബ്ബിൽ നിന്ന് പടിയിറങ്ങവേ വിരേൻ ഡി സിൽവ വ്യക്തമാക്കി.