ഇന്ത്യൻ സൂപ്പർ ലീഗിലെ അഞ്ചാം മത്സരത്തിൽ ഡെൽഹി ഡൈനാമോസ് പൂനെ സിറ്റി പോരാട്ടം നടക്കും. ഡെൽഹിയിൽ നടക്കുന്ന പോരാട്ടത്തിൽ സൂപ്പർ താരങ്ങൾ ഇല്ലാതെയാണ് പൂനെ ഇറങ്ങുക. സൂപ്പർ താരം മാർസലീനോയും ഈ സീസണിൽ പൂനെയിൽ എത്തിയ ഹ്യുമേട്ടനും ഇന്ന് കളത്തിൽ ഇറങ്ങില്ല. മാർസലീനോക്ക് വിലക്ക് ആണെങ്കിൽ ഹ്യുമേട്ടന് പരിക്ക് ആണ് വില്ലനായത്.
പൂനെ സിറ്റിക്കെതിരായി മികച്ച റെക്കോർഡ് ഉണ്ട് എന്നതും ഡെൽഹിക്ക് ഇന്ന് തുണയാകും. പൂനെയുമായി എട്ടു തവണ ഏറ്റുമുട്ടിയപ്പോൾ ഒരു തവണ മാത്രമെ ഡെൽഹി ഡൈനാമോസ് പരാജയം രുചിച്ചിട്ടുള്ളു. കഴിഞ്ഞ സീസണിൽ മികച്ച എവേ റെക്കോർഡ് ഉണ്ടായിരുന്നു പൂനെ സിറ്റിക്ക്. ഒരു എവേ മത്സരം മാത്രമാണ് പൂനെ കഴിഞ്ഞ വർഷം പരാജയപ്പെട്ടത്.
മുൻ ഡെൽഹി ഡൈനാമോസ് പരിശീലകനായ മിഗ്വേൽ ആണ് പൂനെ സിറ്റിയുടെ പുതിയ പരിശീലകൻ. മിഗ്വേലിന്റെ ഡെൽഹിയിലേക്കുള്ള മടക്കം കൂടിയാകും ഇത്. ഡെൽഹി ഡൈനാമോസ് പരിശീലകനായി ചുമതലയേറ്റത് ജോസഫ് ഗൊമ്പുവയാണ്. തകർപ്പൻ ഫോമിലുള്ള മലയാളി താരം ആഷിഖ് കുരുണിയന് ആദ്യ ഇലവനിൽ തന്നെ സ്ഥാനം ഉറപ്പാണ്.