കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ കളിക്കുന്നത് ഭയാനകമെന്ന് തുറന്ന് പറഞ്ഞ് ആരാധകരുടെ പ്രിയ താരം ഹ്യൂമേട്ടൻ. മുൻ ബ്ലാസ്റ്റേഴ്സ് താരമായ ഹ്യൂം കേരള ബ്ലാസ്റ്റേഴ്സിന് എതിരായി കൊച്ചിയിൽ വന്ന് കളിച്ച അനുഭവം വിവരിക്കുകയായിരുന്നു.
അന്ന് എ ടി കെയ്ക്ക് ഒപ്പം ഫൈനലിൽ കൊച്ചിയിൽ വെച്ച് ബ്ലാസ്റ്റേഴ്സിനെ നേരിട്ടത് മറക്കാനാകാത്ത അനുഭവമാണ് എന്ന് ഹ്യൂം പറഞ്ഞു. എ ടി കെയ്ക്ക് വേണ്ടി കളിച്ച് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ഛ് കപ്പ് നേടാൻ ഹ്യൂമേട്ടനും സംഘത്തിനുമായിരുന്നു.
ബ്ലാസ്റ്റേഴ്സിന് എതിരായി കൊച്ചിയിൽ ഇറങ്ങുന്നത് ഭയാനകമാണെന്നും എതിരാളികളെ ആരാധകർ കീഴ്പ്പെടുത്തി കളയും എന്നും ഹ്യൂം പറയുന്നു. തന്റെ അടുത്തുള്ള താരം പറയുന്നത് പോലും കേട്ടിരുന്നില്ല. അത്രക്ക് ശബ്ദ മുഖരിതമായിരുന്നു സ്റ്റേഡിയം.
ഇത്രക്ക് ആവേശം താനെങ്ങും കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ബ്ലാസ്റ്റേഴ്സിനായാണ് കളിക്കുന്നതെങ്കിൽ കാര്യങ്ങൾ എളുപ്പവുമാണ്. കട്ട സപ്പോർട്ടാണ് ആരാധകർ നൽകിയിരുന്നതെന്നും ഹ്യൂമേട്ടൻ ഓർത്തു.