ഐ ലീഗിലെ സ്പാനിഷ് മാന്ത്രികൻ ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ. ഐ ലീഗിൽ ഈ സീസണിൽ മോഹൻ ബഗാനെ കിരീടത്തിലേക്ക് നയിച്ച സ്പാനിഷ് പരിശീലകൻ കിബു വിചുന ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ. ഡച്ച് പരിശീലകൻ എൽകോ ഷറ്റൊരി പടിയിറങ്ങിയതിന് പിന്നാലെയാണ് കപ്പടിക്കാൻ ഈ കിരീട ജേതാവിനെ ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ എത്തിക്കുന്നത്.
സ്പാനിഷ് ക്ലബ് സി എ ഒസാസുനയുടെ യൂത്ത് ടീം കോച്ചായാണ് വിചുനയുടെ പരിശീലക കരിയർ ആരംഭിക്കുന്നത്. സ്പെയിനിലും പോളണ്ടിലുമായി നിരവധി ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള കിബു വിചുന യുവ താരങ്ങളെ വളർത്തിയെടുക്കുന്നതിൽ പ്രത്യേക സിദ്ധിയുള കോച്ചാണ് ആണ്. റൗൾ ഗാർഷ്യ ,റയൽ മാഡ്രിഡിന്റെ നാച്ചോ തുടങ്ങിയ താരങ്ങൾ വിചുനയുടെ പരിശീലനത്തിൽ വളർന്നു വന്ന താരങ്ങൾ ആണ്. കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ബെഞ്ചിൽ നിന്നും മോഹൻ ബഗാനിൽ ലോണിൽ എത്തിയ യുവ താരം നോങ്ധാംബ നയോറം ഒരു മികച്ച വിങ്ങർ ആയി മാറിയത് ഇദ്ദേഹത്തിന്റെ ശിക്ഷണത്തിൽ ആണ്.
എ ടി കെ ഉടമസ്ഥൻ സഞ്ജീവ് ഗോയങ്കയ്ക്ക് എ ടി കെ -മോഹൻ ബഗാൻ ലയനം പൂർത്തിയാകുമ്പോൾ കിബു വിചുനയെ പരിശീലകൻ ആയി നിയമിക്കാൻ ആണ് താല്പര്യം എന്നു വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ബംഗാളി ക്ലബ്ബ് നോക്കി നിൽക്കെ മികച്ച ഓഫറൂമായി മഞ്ഞപ്പട കോച്ചിനെ റാഞ്ചുകയാായിരുന്നു.