കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ ദക്ഷിണ കേരളത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് 8 അഫിലിയേറ്റഡ് അക്കാദമികൾ ആരംഭിക്കുന്നു. മാർക്കറ്റിംഗ് പിന്തുണയ്‌ക്ക് പുറമേ, ലോകോത്തര നിലവാരത്തിലുള്ള കെബിഎഫ്സി സർട്ടിഫൈഡ് കോച്ചും ഏകീകൃത പാഠ്യപദ്ധതിയുമുൾപ്പെടെയുള്ള സാങ്കേതിക പിന്തുണയും ക്ലബ് അനുബന്ധ അക്കാദമികൾക്ക് നൽകും.
പ്രാദേശിക ഫുട്ബോൾ പരിസ്ഥിതി വ്യവസ്ഥയെ ശാക്തീകരിക്കുന്നതിലൂടെയും വിദ്യാർത്ഥികൾക്ക് ഉയർന്ന നിലവാരമുള്ള ഫുട്ബോൾ വിദ്യാഭ്യാസം നൽകുന്നതിലൂടെയും സംസ്ഥാനത്ത് അടിസ്ഥാനപരമായി യൂത്ത് ഫുട്ബോൾ വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി. 6 വയസിനും 18 വയസ്സിനിടയിലുള്ളവർക്ക് അക്കാദമികളിൽ രജിസ്റ്റർ ചെയ്യാം.
പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി, 2020 ജനുവരി 25 മുതൽ അടുത്ത രണ്ടാഴ്ച എല്ലാ അഫിലിയേറ്റഡ് അക്കാദമികളിലും ഒരു സൗജന്യ ഓപ്പൺ ട്രയൽ സെഷൻ നടക്കും. കെബിഎഫ്സി ടെക്നിക്കൽ ഡയറക്ടർ മരിയോ മരിനിക്കയുടെ നേതൃത്വത്തിലാണ് ഈ സെഷൻ നടത്തുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അതത് അഫിലിയേറ്റഡ് അക്കാദമികളിൽ സ്കോളർഷിപ്പിനും സൗജന്യ പ്രൊഫഷണൽ പരിശീലനത്തിനും അർഹത ലഭിക്കും.
“കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി പുതുതലമുറ കളിക്കാർക്കും പരിശീലകർക്കും വേണ്ടി ഒരു പരിശീലന കളരി വികസിപ്പിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റേയും ഇന്ത്യൻ ഫുട്ബോളിന്റേയും പ്രയോജനത്തിനായി സംസ്ഥാനത്തുടനീളം ഒരു ഏകീകൃത ഉന്നത നിലവാരമുള്ള ഫുട്ബോൾ പ്ലാറ്റ്ഫോം സ്ഥാപിക്കുകയാണ് പ്രധാന ലക്ഷ്യം. ”കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ടെക്നിക്കൽ ഡയറക്ടർ മരിയോ മരിനിക്ക പറയുന്നു.
“ഇത് ഞങ്ങളുടെ സംരംഭത്തിന്റെ ആദ്യ ഘട്ടമാണ്. ടെക്നിക്, പർപ്പസ്, ജോയ് എന്നിവയുടെ ശക്തമായ മൂല്യങ്ങളിൽ അധിഷ്ഠിതമായി ഞങ്ങൾ സമീപഭാവിയിൽ കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും! ഈ അക്കാദമികളിൽ നിന്നുള്ള കുട്ടികൾക്കും പരിശീലകർക്കും ഉയർന്ന നിലവാരത്തിലുള്ള പരിശീലനം നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, അങ്ങനെ ചെയ്യുന്നതിലൂടെ കേരളത്തിലെ വലിയ ഫുട്ബോൾ പരിസ്ഥിതി വ്യവസ്ഥയുടെ വികസനത്തിന് സംഭാവന നൽകുകയാണ് കെബിഎഫ്‌സി ”, കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഫുട്ബോൾ ഡയറക്ടർ മുഹമ്മദ് റാഫിക് പറയുന്നു.
രജിസ്ട്രേഷൻ ഫീസ്, അക്കാദമി ഫീസ് ഘടന, പ്രവേശനങ്ങൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ബന്ധപ്പെട്ട അനുബന്ധ അക്കാദമികളുടെ താഴെ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിലേക്ക് ബന്ധപ്പെടുക