സഹൽ അബ്ദുൾ സമദ് കേരള ബ്ലാസ്റ്റേഴ്സ് വിടുന്നതല്ലേ നല്ലത് ?

സഹൽ അബ്ദുൾ സമദ് കേരള ബ്ലാസ്റ്റേഴ്സ് വിടുന്നതല്ലേ നല്ലത് ? എന്ന ചോദ്യം ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനസിൽ ഉയരുകയാണ്. സമീപകാലത്ത് കേരള ഫുട്ബോളിന് ലഭിച്ച ഏറ്റവും മികച്ച താരത്തെയാണ് ബ്ലാസ്റ്റേഴ്സ് ബെഞ്ചിലിരുത്തി പാഴാക്കുന്നത്. കെജിഎഫ് ഡയലോഗ് കടമെടുത്താൽ സ്വർണപാത്രത്തെയാണ് ചില്ലറപൈസയിടാൻ എൽകോ ഷറ്റോരി ഉപയോഗിക്കുന്നത്. അർഹിക്കുന്ന അവസരം സഹലിന് ഷറ്റോരി നൽകുന്നില്ല.

സഹലിന് പകരം കൊറേ വിദേശ താരങ്ങളെ കളിപ്പിച്ച് എന്ത് തേങ്ങയാണ് കോച്ച് ഉണ്ടാക്കിയതെന്നാണ് ആരാധകരുടെ ചോദ്യം. എപ്പൊ സഹലിനെ കളിപ്പിക്കും എന്നതായിരുന്നു സീസൺ തുടക്കം മുതൽ സഹൽ ആദ്യ ഇലവനിൽ എത്താൻ കുറച്ച് സമയം എടുക്കും എന്നായിരുന്നു ഷറ്റോരി പറഞ്ഞിരുന്നത്. ഇപ്പോൾ സീസണിൽ പകുതി മത്സരങ്ങളും കഴിഞ്ഞിരിക്കുകയാണ്. അവസാനകളിയിൽ വെറും 37 മിനുട്ട് മാത്രമാണ് സഹലിന് കളിക്കളത്തിൽ സമയം കൊടുത്തത്.

ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിയേറ്റീവ് മിഡ്ഫീൽഡർ ആയി ഉയരും എന്ന് ഏവരും വിലയിരുത്തുന്ന സഹലിനെ ഷറ്റോരിക്ക് മാത്രം യാതൊരു വിലയുമില്ല. സഹലിന് ഡിഫൻസീവ് മികവില്ല എന്നതാണ് പലപ്പോഴും ഷറ്റോരി താരത്തെ പുറത്തിരുത്താനുള്ള കാരണമായി പറയാറുള്ളത്. എന്നാൽ സഹൽ ഇല്ലാതെ ഇറങ്ങിയിട്ടും കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഭൂലോക ദുരന്തമായി തന്നെ ഇപ്പോളുമുണ്ട്.

അവസാന 9 മത്സരങ്ങളിലും വിജയമില്ലാഞ്ഞിട്ടും സഹലിനെ കൂടുതൽ കളിപ്പിച്ചു നോക്കാൻ വരെ ഷറ്റോരി തയ്യാറല്ല. കഴിഞ്ഞ മത്സരത്തിൽ ജംഷദ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളിന് പിറകിൽ പോയ സമയത്ത് സഹൽ സബ്ബായി വന്ന് കളി മാറ്റുകയും 2-2 എന്ന സമനില നേടാൻ ആവുകയും ചെയ്തിരുന്നു. ഈ സീസണിൽ ആകെ 390 മിനുട്ടുകൾ മാത്രമാണ് സഹൽ കളിച്ചത്. കഴിഞ്ഞ സീസണിൽ 1232 മിനുട്ടുകൾ കളിച്ച താരത്തിനാണ് ഈ ഗതി. ഇനി മുഴുവൻ മത്സരങ്ങളും മുഴുവനായി കളിച്ചാൽ മാത്രമെ സഹൽ കഴിഞ്ഞ സീസണിലെ മിനുട്ടുകൾ മറികടക്കുകയുള്ളൂ.

ഈ സീസണിൽ അവസരം കുറവാണെങ്കിലും സഹൽ ഇറങ്ങിയപ്പോൾ ഒക്കെ താരത്തിന്റെ മികവ് എല്ലാവരും കണ്ടതാണ്. കഴിഞ്ഞ സീസണിൽ ഒരു അസിസ്റ്റു പോലും നൽകിയിട്ടില്ലാത്ത സഹൽ ഇത്തവണ രണ്ട് അസിസ്റ്റ് കേരള ബ്ലാസ്റ്റേഴ്സിന് സംഭാവന നൽകി. കഴിഞ്ഞ കളിയിൽ സബ്ബായി വന്ന് തിളങ്ങിയ സഹലിനെ ഇന്ന് രണ്ടാം പകുതിയിൽ ഷറ്റോരി വിങ്ങിലാണ് ഇറക്കിയത് എന്നതും തമാശയാണ്. അവസാന ഐ എസ് എൽ സീസണിൽ സഹലിന്റെ വളർച്ച മാത്രമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഏക ആശ്വാസം. എന്നാൽ ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിന്റെ ദയനീയ ഫലങ്ങൾക്ക് ഒപ്പം ഇന്ത്യൻ ഫുട്ബോളിന്റെ പ്രതീക്ഷയായ സഹലിനെ ശരിക്കും അപമാനിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.

സഹൽ അബ്ദുൾ സമദ് എന്ന താരത്തെ കേരള ബ്ലാസ്റ്റേഴ്സ് അർഹിക്കുന്നില്ല. ഇതു പോലൊരു മാണിക്യത്തെ നശിപ്പിക്കുന്നതിൽ സങ്കടമുണ്ട്. സഹലിന്റെ ടാലന്റ് അംഗീകരിച്ച് അർഹിക്കുന്ന റെസ്പെക്റ്റ് നൽകുന്ന ഒരു ക്ലബ്ബിലേക്ക് സഹൽ മാറണം. ഈ‌ കോച്ചും ഈ‌ മനേജ്മെന്റും സഹലിനെ അർഹിക്കുന്നില്ല. നിങ്ങൾ മലയാളി ആരാധകരുടെ, ഇന്ത്യൻ അഭിമാനമാണ്. സങ്കടം സഹിക്കവയ്യാതെ എഴുതുന്ന ഒരു ആരാധകന്റെ കുറിപ്പ്

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here