ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ ഇനി ബർത്തലോമിയോ ഓഗ്ബെച്ചേ നയിക്കും. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച സന്ദേശ് ജിങ്കനെ മാറ്റി നിർത്തിയാണ് ഡച്ച് പരിശീലകൻ എൽകോ ഷറ്റോരി തന്റെ ഫേവറൈറ്റായ ഒഗ്ബച്ചെയെ ക്യാപ്റ്റനാക്കുന്നത്. പിറന്നാൾ ദിനത്തിലാണ് ഓഗ്ബെച്ചയെ തേടി കേരള ബ്ലാസ്റ്റേഴ്സിന്റെ നായക സ്ഥാനമെത്തിയത്. 34വയസുള്ള നൈജീരിയൻ താരമായ ഓഗ്ബെച്ചേ വളരെ അനുഭവ പരിചയമുള്ള പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്. സെൻട്രൽ ഫോർവേഡ് പൊസിഷനിൽ മികച്ച മുന്നേറ്റങ്ങൾക്ക് കരുത്തുള്ള ഓഗ്ബച്ചേ ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട്, നെതെർലാൻഡ് ഗ്രീസ്, യു എ ഇ തുടങ്ങിയ രാജ്യങ്ങളിലെ നിരവധി മുൻനിര ക്ലബ്ബുകൾക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്.
പതിനേഴാം വയസ്സിൽ പാരീസ് സെയ്ന്റ് ജർമെയിൻ (പിഎസ്ജി) ക്ലബ്ബിനായി കളിച്ച ഓഗ്ബെച്ചേ 2018ൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ എത്തുന്നതിനു മുൻപായി ലാലിഗയിൽ റിയൽ വല്ലഡോളിഡ്, മിഡിൽസ്ബ്രോ എന്നീ ക്ലബ്ബുകളിലും കളിച്ചിട്ടുണ്ട്. 2002 നും 2005 നും ഇടയിൽ നൈജീരിയൻ ദേശീയ ടീമിനെ പ്രതിനിധീകരിച്ച അദ്ദേഹം 2002 ൽ ദക്ഷിണ കൊറിയയിൽ നടന്ന ലോകകപ്പിലും പങ്കെടുത്തിട്ടുണ്ട്. ലോകകപ്പ് ഉൾപ്പെടെ വിവിധ അന്താരാഷ്ട്ര വേദികളിൽ കഴിവ് തെളിയിച്ച ഓഗ്ബച്ചേയുടെ അനുഭവ സമ്പത്തും നേതൃത്വ പാടവവുമാണ് കേരള ബ്ലാസ്റ്റേഴ്സ് ടീം ക്യാപ്റ്റൻ പദവിക്ക് അദ്ദേഹത്തെ അർഹനാക്കിയത്.
“കഴിവു തെളിയിച്ചതും,പരിചയസമ്പന്നനുമായ ഒരു കളിക്കാരനെന്ന നിലയിൽ, ബാർത്തലോമിവ് ഒഗ്ബെച്ചെക്ക് ടീമിനെ ഫലപ്രദമായി നയിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. ടീമിലെ പ്രായം കൂടിയ അംഗങ്ങളിൽ ഒരുവനായ അദ്ദേഹത്തിന്റെ വിപുലമായ അറിവും വിവേകവും കളിക്കാരുമായുള്ള ബന്ധവും ക്ലബ്ബിന്റെ ലക്ഷ്യവുമായി ഒരു ചുവട് അടുക്കുന്നതിന് ക്രിയാത്മകമായി സഹായിക്കും. അദ്ദേഹത്തോടും ടീമിലെ മറ്റുള്ളവരോടുമൊപ്പം ഒരു മികച്ച പ്രവർത്തനം കാഴ്ചവെക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഒപ്പം ഒരു മികച്ച സീസൺ ആശംസിക്കുകയും ചെയ്യുന്നു” , പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചുകൊണ്ട് ഹെഡ് കോച്ച് ഈൽകോ ഷട്ടോറി വ്യക്തമാക്കി
“ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ക്യാപ്റ്റനാകുകയെന്നത് ഒരു വലിയ അംഗീകാരവും പദവിയുമാണ്. ഈ അവസരത്തിൽ ഞാൻ ശരിക്കും വിനീതനാണ്, ഒപ്പം ടീമിലെ പരിചയസമ്പന്നരായ മറ്റ് കളിക്കാർക്കൊപ്പം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചുകൊണ്ട് ഞങ്ങൾക്ക് ഫൈനലിലേക്ക് കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയും”, ബാർത്തലോമിവ് ഒഗ്ബെച്ചെ പറയുന്നു