ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യൻ ഫുട്ബോളിൽ തങ്ങളുടെതായ മേൽവിലാസമുണ്ടാക്കിയ സ്പോർട്സ് അക്കാഡമി തിരൂർ ബിസ്മി സാറ്റിന് ഒഡീഷയിലെ റായിഗറിൽ നടന്ന എസ്.എസ്. സാഹ ഓൾ ഇന്ത്യ ഫുട്ബോൾ ടൂർണമെന്റിൽ നിന്ന് അഭിമാനത്തോടെ മടക്കം. രാജ്യാന്തര നിലവാരമുള്ള പ്രമുഖ ടീമുകൾ മത്സരിച്ച ടൂർണമെന്റിൽ റണ്ണേഴ്സ് കിരീടം ഉയർത്തിപ്പിടിച്ചാണ് ബിസ്മി സാറ്റിന്റെ ചുണക്കുട്ടികളുടെ മടക്കം.
കലാശപ്പോരാട്ടതിൽ ഫൈനൽ വിസിലിന് ഒരുമിനുട്ട് ശേഷിക്കേ വഴങ്ങിയ ഒരു ഗോളിനാണ് സാറ്റിന് കിരീടം നഷ്ടമായത്. ആഫ്രിക്കൻ താരങ്ങൾ അണിനിരന്ന നൈജീരിയൻ ഇലവനെ അട്ടിമറിച്ചെത്തിയ ശക്തരായ ഓഡീഷ ബർഗഡ് യുനൈറ്റഡ് എഫ് സി ആയിരുന്നു കലാശപ്പോരാട്ടത്തിലെ എതിരാളികൾ. പ്രബലരായ ബർഗഡ് യുനൈറ്റഡിന്റെ പരിചയ സമ്പന്നരായ മുന്നേറ്റ നിരയെ വരിഞ്ഞുമുറുക്കിയ പ്രതിരോധ നിരയുടെ പിന്തുണയോടെ മുന്നേറിയ സാറ്റിന്റെ സ്ട്രൈക്കർമാർ പഴുതുകൾ കണ്ടെത്തി ബർഗഡ് യുനൈറ്റഡിന്റെ ഗോൾമുഖത്ത് പലപ്പോഴും അപകടം വിതച്ചു. ഗോളെന്നുറച്ച സാറ്റിന്റെ പല നീക്കങ്ങളും ലക്ഷ്യം കാണാതെ പോയത് നിർഭാഗ്യം ഒന്ന് കൊണ്ട് മാത്രമായിരുന്നു.
ആയിരങ്ങൾ തിങ്ങിക്കൂടിയ ടൂർണമെന്റിൽ മികച്ച പ്രകടനങ്ങൾകൊണ്ട് കാണികളുടെ ഇഷ്ട ടീമായി ബിസ്മി സാറ്റ് മാറി. സാറ്റിന്റെ മുന്നേറ്റങ്ങളെല്ലാം ആരവങ്ങളോടെയാണ് ഒഡീഷയിലെ കാൽപന്ത് സ്നേഹികൾ എതിരേറ്റത്. ടൂർണമെന്റിൽ മിന്നും പ്രകടനം കാഴ്ച്ചവെക്കാൻ ബിസ്മി സാറ്റിന് ഇതേറെ സഹായിച്ചു. പ്രതികൂല കാലാവസ്ഥയിലും സാറ്റിന്റെ കുട്ടികൾ നന്നായി പൊരുതിക്കളിച്ചു. കൊടും ചൂട് പലപ്പോഴും വില്ലനായെങ്കിലും ഓരോ കളിയിലും വമ്പൻ എതിരാളികളെ വീഴ്ത്താൻ സാറ്റിനായി. ശക്തരായ ജഗ യുണൈറ്റഡ് ഭൂവനേശ്വറിനെ പരാജയപെടുത്തിയാണ് ബിസ്മി സാറ്റ് കലാശ പോരാട്ടത്തിന് അർഹത നേടിയത്.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി സാറ്റിന്റെ പ്രതിരോധ നിരയിലെ വിശ്വസ്ഥൻ വി.ഇ.ഒ ഷാക്കിബിനെയും മികച്ച ഫാൻസ് ഫേവറേറ്റ് കളിക്കാരനായി സാറ്റിന്റെ നായകനും നെടുംതൂണുമായ ഷഹീദ് കൊയപ്പയിലിനെയും തെരഞ്ഞെടുത്തത് ടൂർണമെന്റിൽ സാറ്റിന്റെ മികച്ച പ്രകടനങ്ങൾക്കുള്ള അംഗീകാരമായി. കലാശപ്പോരാട്ടത്തിൽ കാലിടറിയെങ്കിലും അഭിമാനത്തോടെ തലയുയർത്തി തന്നെയാണ് ബിസ്മി സാറ്റിന്റെ മടക്കം. നബറാംഗ്പൂർ എം.പി രമേശ് ചന്ദ്ര മജ്ഹി, ഉമർകോട്ട് എം.എൽ.എ നിത്യാനന്ദ ഗോണ്ഡ് എന്നിവരിൽ നിന്ന് നായകൻ കെ. ഷഹീദും സംഘവും റണ്ണെഴ്സ് ട്രോഫി ഏറ്റ് വാങ്ങി.