ഹെഡ് മാസ്റ്ററെ വീണ്ടും കൊച്ചിയിലെത്തിച്ച് ബ്ലാസ്റ്റേഴ്സ്. മഞ്ഞപ്പടയുടെ സ്വന്തം മുഹമ്മദ് റാഫി എന്ന റാഫിച്ച ബ്ലാസ്റ്റേഴ്സിലേക്കെത്തി. മുൻപ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ട് കെട്ടിയ റാഫി കഴിഞ്ഞ സീസണിൽ ചെന്നൈയുടെ താരമായിരുന്നു. ഏതാനം ദിവസങ്ങൾക്ക് മുൻപാണ് റാഫിച്ച ചെന്നൈയിൻ വിട്ടത്. കഴിഞ്ഞ രണ്ടു വർഷമായി ചെന്നൈയിൻ എഫ്.സിയുടെ താരമായ റാഫി അവരുടെ കൂടെ ഐ.എസ്.എൽ കിരീടവും നേടിയിട്ടുണ്ട്.
കോപ്പലാശാന് കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ എത്തിയപ്പോൾ മുഹമ്മദ് റാഫി എ.ടി.കെക്കെതിരെ ഫൈനലിൽ ഗോൾ നേടിയിരുന്നു. രണ്ടു സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ കളിച്ച റാഫി 6 ഗോളുകളും നേടിയിട്ടുണ്ട്. ഈ സീസണിൽ ചെന്നൈയിന് വേണ്ടി ഐ.എസ്.എല്ലിൽ റാഫി വെറും 4 മത്സരങ്ങളിൽ മാത്രമാണ് കളിച്ചത്. ഐ.എസ്.എല്ലിന്റെ പ്രഥമ സീസണിൽ എ.ടി.കെയുടെ താരമായിരുന്നു റാഫി.
ചെന്നൈക്ക് വേണ്ടി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കാത്ത റാഫിയെ ടീമിലെത്തിക്കുന്നതിൽ ഒരു വിഭാഗം ആരാധകർക്ക് എതിർപ്പുണ്ട്. എന്നാൽ റാഫിച്ച ടീമിലുണ്ടെങ്കിൽ മഞ്ഞപ്പടയ്ക്ക് ഫൈനൽ ഉറപ്പെന്നാണ് ഒരു കൂട്ടം ആരാധകർ പറയുന്നത്. റാഫിച്ചയുടെ ഹെഡ്ഡറുകൾക്ക് മാത്രം ആരാധകർ ഏറെയാണ്.