ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വീണ്ടും തിരിച്ചടി. മലയാളി യുവതാരം ആശിഖ് കുരുണിയൻ ബെംഗളൂരു എഫ്സിയിൽ. കേരള ബ്ലാസ്റ്റേഴ്സ് നൽകിയ ഓഫറുകൾ തിരസ്കരിച്ചാണ് ബാംഗ്ലൂർ ആശിഖ് തിരഞ്ഞെടുത്തത്. മുഹമ്മദ് ആശിഖ് കുരുണിയൻ എന്ന മലപ്പുറംകാരനെ സ്വന്തമാക്കാൻ സുനിൽ ഛേത്രിയുടെ ബെംഗളൂരു എഫ്സി അരയും തലയും മുറുക്കി ഇറങ്ങിയപ്പോൾ മഞ്ഞപ്പടയ്ക്ക് ഇനി കാത്തിരിപ്പ് തുടരാം. ഒരു പ്രമുഖ സ്പോർട്ട്സ് പോർട്ടൽ റിപ്പോർട്ട് ചെയ്തതനുസരിച്ച് 70 ലക്ഷത്തിലധികം മുടക്കിയാണ് ആശിഖിനെ ബാംഗ്ലൂർ ടീം നേടിയത്.
പൂനെ സിറ്റിയുമായി പ്രതിഫല തർക്കത്തെ തുടർന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ സമീപിക്കേണ്ടി വന്നിരുന്നു ആഷിക്കിന്. പ്രതിഫല തർക്കം പരിഹരിച്ച ആശിഖ് ഉടൻ തന്നെ പൂനെ വിടുകയും ചെയ്തു. പൂനെ എഫ് സിയുടെ അക്കാദമിയിലൂടെ വളർന്ന താരമാണ് ആഷിഖ്. പിന്നീട് ആ അക്കാദമി പൂനെ സിറ്റി അക്കാദമി ആയി മാറിയതോടെ ഐ എസ് എൽ ക്ലബിന്റെ ഭാഗമാവുകയായിരുന്നു ആഷിക് ചെയ്തത്. ആഷികിന്റെ രണ്ടാം ക്ലബ്ബാണിത്.