ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കേരളത്തിൽ ഒരു വേദി വേണം എന്ന ആവശ്യവുമായി മഞ്ഞപ്പട രംഗത്ത്. അന്താരാഷ്ട്ര ഫുട്ബോളെത്തിക്കാൻ ശ്രമം തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ് മഞ്ഞപ്പട.
ഇന്ത്യയുടെ ഹോം മത്സരങ്ങളുടെ വേദികളിൽ ഒന്നാക്കി കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിനെ പരിഗണിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് കാണിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ് കൂട്ടായ്മയായ മഞ്ഞപ്പട, കേരള ഫുട്ബോൾ അസോസിയേഷന് തുറന്ന കത്ത് നൽകി. ഈ ക്യാമ്പയിന്റെ ഭാഗമായി #IndianFootballKochi എന്ന ഹാഷ്ടാഗും മഞ്ഞപ്പട ട്രെൻഡിക്കാൻ ശ്രമിക്കുന്നുണ്ട്.
കത്തിന്റെ പൂർണ്ണരൂപം താഴെ വായിക്കാം.
“ബഹുമാനപ്പെട്ട KFA,
2022 ഖത്തർ വേൾഡ് കപ്പിന്റെ ക്വാളിഫൈയർ റൗണ്ടിലേക്ക് ഇന്ത്യ യോഗ്യത നേടിയത് എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരെയും ആവേശം കൊള്ളിക്കുന്ന ഒരു കാര്യമാണ്. ഇനി വരാൻ പോകുന്ന വേൾഡ് കപ്പ് ക്വാളിഫൈർ മത്സരങ്ങക്ക് ഫിഫ അംഗീകൃതമായ ഇന്ത്യയിലെ തന്നെ മികച്ച ഫുട്ബോൾ സ്റ്റേഡിയങ്ങളിലൊന്നായ U-17 വേൾഡ് കപ്പ് മത്സരങ്ങൾക്കു വേദിയായ നമ്മുടെ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഈ മത്സരങ്ങൾ ലഭിക്കുന്നതിനായി KFA യുടെ ഭാഗത്തുനിന്നും ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു. വളരെ വലിയ ഫുട്ബോൾ പാരമ്പര്യവും അതി ബൃഹത്തായ ആരാധക കൂട്ടായ്മകളും ഉള്ള നമ്മുടെ നാട്ടിൽ ഇന്ത്യയുടെ ഫുട്ബോൾ മത്സരങ്ങൾ വരേണ്ടത് നാളെയുടെ ഫുട്ബോൾ വളർച്ചക്ക് വേഗത നൽകുന്ന വളരെ മികച്ച ഒരു കാര്യമാണ്. ഇതുവരെയും KFA കേരള ഫുട്ബോളിനെ വളർച്ചയുടെ പാതയിലാണ് നയിച്ചിട്ടുള്ളത്. തുടർന്നും ഇതേ ലക്ഷ്യബോധത്തോടുകൂടിയുള്ള പ്രവർത്തനങ്ങളിലൂടെ കേരള ഫുട്ബോളും അതുവഴി ഇന്ത്യൻ ഫുട്ബോളും കൂടുതൽ ഉയരങ്ങളിലേക്കേത്തുമെന്ന കാര്യത്തിൽ സംശയം ഒന്നുംതന്നെയില്ല. U-17 വേൾഡ് കപ്പ് ടൂർണമെന്റ് മത്സരങ്ങൾ വിജയകരമായി നടത്തുന്നതിനു KFA യുടെ ഭാഗത്തു നിന്നു കാണിച്ച ജാഗ്രതതയും കഠിനാധ്യാനവും കരുതലും ഇക്കാര്യത്തിലും KFA യുടെ ഭാഗത്തു നിന്നുമുണ്ടാകുമെന്നു തന്നെയാണ് ഞങ്ങൾ ആരാധകരുടെ പ്രതീക്ഷ.
ആയതിനാൽ ആവശ്യമായ നടപടിക്രമങ്ങൾ കഴിയുന്നതും വേഗത്തിൽ നടപ്പിലാക്കി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിനെ ടീം ഇന്ത്യയുടെ ക്വാളിഫൈർ മത്സരങ്ങൾക്കുള്ള വേദികളിൽ ഒന്നാക്കി മാറ്റണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. “