വീണ്ടുമൊരു സർപ്രൈസ് സൈനിങുമായി കേരള ബ്ലാസ്റ്റേഴ്സ്. കോഴിക്കോട്ടുകാരൻ ഷിബിൻ രാജിനെയാണ് ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ചത്. ഗോകുലം കേരള എഫ്സിയുടെ ഗോൾ കീപ്പറായിരുന്നു ഷിബിൻ.
ഐ-ലീഗില്‍ ഗോകുലം കേരള എഫ്.സിക്കായി ഗോള്‍പോസ്റ്റിന് കീഴില്‍ സ്പൈഡര്‍മാനെപ്പോലെ വല കെട്ടി എതിരാളികളടിക്കുന്ന പന്തുകളെ തടയുകയാണ് ഷിബിന്‍ രാജ്. ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് ടീനിലെത്തിച്ച നാലാമത് ഗോൾ കീപ്പറാണ് ഷിബിൻ.
കഴിഞ്ഞ സീസണിൽ ഗോകുലം എഫ്.സി ജഴ്സിയിൽ നടത്തിയ മികച്ച പ്രകടനമാണ് ഷിബിന്‍ ബ്ലാസ്റ്റേഴ്സിന്റെ റഡാറിൽ എത്തിച്ചത്.
മിനർവക്കെതിരായ മത്സരത്തിലും ഷിബിൻ രാജിന്റെ തകർപ്പൻ സേവ് ഉണ്ടായിരുന്നു. കോഴിക്കോട്ടെ ഗാലറിയെ ഇളക്കിമറിക്കാൻ ഇത് ധാരാളമായിരുന്നു. സർവീസസിലും മോഹൻ ബഗാനിലും കളിച്ച ഷിബിൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥനാണ്.
ഗോൾ കീപ്പർമാരെ കൂടുതലായി ടീമിലെത്തിച്ചത് ആരാധകർക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ മലയാളി താരങ്ങളെ ഉൾപ്പെടുത്തി ബ്ലാസ്റ്റേഴ്സ് പുതുക്കി പണിയാനാണ് മാനേജ്മെന്റ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്.