വെറ്ററൻ ഫുട്ബോളർ മുഹമ്മദ് റാഫിയെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമം തുടങ്ങി കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മന്റ്. മുൻപ് കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്ന റാഫി ഇപ്പോൾ ചെന്നൈയിൻ എഫ്.സിയുടെ താരമാണ്. കഴിഞ്ഞ രണ്ടു വർഷമായി ചെന്നൈയിൻ എഫ്.സിയുടെ താരമായ റാഫി അവരുടെ കൂടെ ഐ.എസ്.എൽ കിരീടവും നേടിയിട്ടുണ്ട്.
കോപ്പലാശാന് കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ എത്തിയപ്പോൾ മുഹമ്മദ് റാഫി എ.ടി.കെക്കെതിരെ ഫൈനലിൽ ഗോൾ നേടിയിരുന്നു. രണ്ടു സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ കളിച്ച റാഫി 6 ഗോളുകളും നേടിയിട്ടുണ്ട്. ഈ സീസണിൽ ചെന്നൈയിന് വേണ്ടി ഐ.എസ്.എല്ലിൽ റാഫി വെറും 4 മത്സരങ്ങളിൽ മാത്രമാണ് കളിച്ചത്. ഐ.എസ്.എല്ലിന്റെ പ്രഥമ സീസണിൽ എ.ടി.കെയുടെ താരമായിരുന്നു റാഫി.
AFC കപ്പിലെ നോക്ക്ഔട്ട് സ്റ്റേജിൽ ചെന്നൈയിന് എഫ്സി കടന്നില്ലെങ്കിലും വെടിക്കെട്ട് പ്രകടനമാണ് മുഹമ്മദ് റാഫി കാഴ്ച്ചവെച്ചത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വിജയം ചെന്നൈയിന് നൽകിയത് റാഫിയാണ്. കഴിഞ്ഞ മത്സരത്തിൽ ഇരട്ട ഗോളുകളാണ് റാഫി നേടിയത്.