കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആഹ്ലാദിക്കാം. മലയാളികളുടെ അഭിമാനമായ മഞ്ഞപ്പട സ്വന്തം സ്റ്റേഡിയം നിർമ്മിക്കാനൊരുങ്ങുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റേഡിയം അഞ്ച് വർഷത്തിനുള്ളീൽ ഒരുങ്ങുമെന്ന് ബ്ലാസ്റ്റേഴ്സ് ഉടമ നിമഗദ പ്രസാദ് പറഞ്ഞു.
നിലവിൽ കലൂരിലെ ജവഹർ ലാൽ നെഹ്രു സ്റ്റേഡിയമാണ് ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട്. ഭീമൻ തുക നൽകിയാണ് ഓരോ മത്സരത്തിനും ബ്ലാസ്റ്റേഴ്സ് സ്റ്റേഡിയം അതോറിറ്റിക്ക് നൽകുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷനോടും പടപൊരുതി വേണം ഒന്ന് ഫുട്ബോൾ കളിക്കാൻ എന്ന അവസ്ഥയാണ് കൊച്ചിയിൽ. അതു കൊണ്ട് തന്നെയാണ് ബ്ലാസ്റ്റേഴ്സ് പുതിയ സ്റ്റേഡിയത്തിനായി ശ്രമിക്കുന്നത്.
ബ്ലാസ്റ്റേഴ്സിനെതിരെ ദുഷ്പ്രചാരണങ്ങൾ ഉണ്ടെന്നും പ്രസാദ് പറഞ്ഞു. ബ്ലാസ്റ്റേഴ്സ് ക്ലബ് അടച്ചു പൂട്ടുമെന്നത് തെറ്റാണ്. പകരം കൂടുതൽ പണം ക്ലബിനായി മാറ്റിവെക്കാൻ പോവുകയാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് എന്നും അദ്ദെഹം പറഞ്ഞു. മൂന്ന് – അഞ്ച് വർഷത്തിനുള്ളിൽ കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തം സ്റ്റേഡിയം ഉയരുമെന്നും അദ്ദേഹം പറഞ്ഞു.