മലയാളി ഫുട്ബോൾ ആരാധകർക്ക് തിരിച്ചടി. മലയാളി ആരാധകരെ ഞെട്ടിച്ച് കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ ആ തീരുമാനം വന്നു. കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിനെ പിരിച്ചു വിടുന്നു. മലയാളി താരങ്ങൾ തിങ്ങിനിറഞ്ഞ റിസർവ് ടീമിനെയാണ് മഞ്ഞപ്പടയ്ക്ക് നഷ്ടപ്പെടുന്നത്. ഇതേതുടർന്ന് സെക്കൻഡ് ഡിവിഷനിലോ കേരള പ്രീമിയർ ലീഗിലോ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീം ഉണ്ടാകില്ല. ഇനി മുതൽ ഈ ടൂർണമെന്റുകളിലെല്ലാം കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 18 ടീമാവും കളിക്കുക.
കേരള ഫുട്ബോളിന് ബ്ലാസ്റ്റേഴ്സ് നൽകിയ ഒരു ഇരുട്ടടിയാണ് ഈ തീരുമാനം. കൊച്ചിയിലെ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ് കേരള ഫുട്ബോളിന്റെ വളർച്ചയ്ക്ക് സഹായകരമാകുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ പൊലിഞ്ഞത്. സാമ്പത്തിക ബാധ്യതയാണ് ബ്ലാസ്റ്റേഴ്സിനെ ഈ കടുത്ത തീരുമാനത്തിനായി പ്രേരിപ്പിച്ചതെന്നാണ് ബ്ലാസ്റ്റേഴ്സ് ന്യൂസിന്റെ നിഗമനം. കേരള ബ്ലാസ്റ്റേഴ്സിന്റെ സാമ്പത്തിക ബാധ്യതയെക്കുറിച്ചും ബ്ലാസ്റ്റേഴ്സ് ന്യൂസ് വിശധമായി റിപ്പോർട്ട് ചെയ്തിരുന്നു.