കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കൊരു സന്തോഷ വാർത്ത. മഞ്ഞപ്പടയുടെ മുത്തും മലയാളികളുടെ സ്വത്തുമായ ഹോസു കുരിയാസ് തിരിച്ചുവരവിനായുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ച് വർഷം പൂർത്തിയാക്കി കഴിഞ്ഞു.
ഇന്ത്യയിൽ ഏറ്റവും അധികം ആരാധകരുള്ള ബ്ലാസ്റ്റേഴ്സിന് ഇതുവരെ ഒരു കിരീടം നേടാൻ സാധിച്ചിട്ടില്ല. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വേണ്ടി കിരീടമുയർത്തണം എന്ന ആഗ്രഹം പ്രകടിപ്പിച്ച് മഞ്ഞപ്പടയുടെ സ്വന്തം ഹോസു കുരിയാസ് രംഗത്ത് വന്നു. ക്ലബ്ബുകൾ അനവധി മാറിയെങ്കിലും തന്റെ ഹൃദയം ഇപ്പോളും കൊച്ചിയിലാണെന്നാണ് ഹോസു പറയുന്നത്. ചങ്ക് പറിച്ച് കൊടുത്തും സ്വന്തം ടീമിനെ സ്നേഹിക്കുന്ന മഞ്ഞപ്പടയ്ക്ക് വേണ്ടി ഒരു കീരീടം ഉയർത്തണം എന്നാണ് ഹോസു പറയുന്നത്.
രണ്ട് വർഷം കൊണ്ട് മലയാളികളുടെ എല്ലാ സ്നേഹവും സ്വന്തമാക്കിയ ഹോസു ഒരു തിരിച്ച് വരവിനായാണ് ഒരുങ്ങുന്നത്. 2016ൽ ഐഎസ്എല്ലിൽ മഞ്ഞപ്പടയെ ഫൈനലിലേക്ക് നയിക്കാൻ ഹോസുവിനായിരുന്നു. ഹോസു കളിക്കാതിരുന്ന ഫൈനനിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ബ്ലാസ്റ്റേഴ്സ് കിരീടം എടികെക്ക് മുന്നിൽ അടിയറവ് വെച്ചത്.
കേരള ബ്ലാസ്റ്റേഴ്സ് മനേജ്മെന്റിന്റെ ഒരു കോളിനായാണ് അദ്ദേഹം കാത്തിരിക്കുന്നത് . ബ്ലാസ്റ്റേഴ്സ് ആരാധകരെ പുതിയ സീസണ് മുന്നോടിയായി സർപ്രൈസ് ട്രാൻസ്ഫർ കൊണ്ട് ഞെട്ടിച്ച മാനേജ്മെന്റ് മഞ്ഞപ്പടയിലേക്ക് ഹോസുവിനേയും എത്തിക്കുമെന്ന് പ്രതീക്ഷിക്കാം.