ബ്ലാസ്റ്റേഴ്സ് ന്യൂസ് പുറത്ത് വിട്ട ട്രാൻസ്ഫർ കഥ പുരോഗമിക്കുന്നു. മലയാളികളുടെ സ്വന്തം ബ്ലാസ്റ്റേഴ്സ് താരം അനസ് എടത്തൊടികയെ സ്വന്തമാക്കാൻ ശ്രമിച്ച് ഐ ലീഗ് ക്ലബായ ഗോകുലം. ലോണിലാണ് ഗോകുലത്തിലേക്ക് അനസ് എടത്തൊടിക കൂടു മാറാൻ സാധ്യത. അനസ് എടത്തൊടികക്ക് പകരം ബ്ലാസ്റ്റേഴ്സിലേക്ക് ഗോകുലം താരം അർജുൻ ജയരാജ് എന്ന ഓപ്ഷനും ഗോകുലം മഞ്ഞപ്പടയ്ക്ക് മുന്നിൽ വെച്ചിട്ടുണ്ട്.
ഗോകുലവും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ ഇത്തരമൊരു സ്വാപ്പ് ഡീലിന് ചർച്ചകൾ വീണ്ടും സജീവമാകുകയാണ്. പൂനെ സിറ്റിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും മുൻ ഇന്ത്യൻ പ്രതിരോധ താരത്തെ സ്വന്തമാക്കാൻ മുൻ നിരയിലുള്ള ടീമുകളാണ്. കേരള ബ്ലാസ്റ്റേഴ്സിന് പുത്തൻ മാനങ്ങൾ നല്കാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ശ്രമിക്കുന്നതിനിടയ്ക്കാണ് ചർച്ചകൾ പുരോഗമിക്കുന്ന വിവരം പുറത്ത് വരുന്നത്. ധീരജ് സിങ്ങ് ക്ലബ്ബ് വിടുമെന്ന കാര്യം ആദ്യം റിപ്പോർട്ട് ചെയ്തതും ബ്ലാസ്റ്റേഴ്സ് ന്യൂസാണ്.
കൊച്ചിയിൽ മലയാളികൾക്ക് മുന്നിൽ കളിക്കുക എന്ന ആഗ്രഹത്തോടെയാണ് വമ്പൻ ഓഫറുകൾ കാറ്റിൽ പരത്തി അനസ് ബ്ലാസ്റ്റേഴ്സിൽ എത്തിയത്. ജിങ്കൻ-അനസ് എന്ന ഇന്ത്യൻ ടീമിലെ സെന്റർ ബാക്ക് കൂട്ടുകെട്ട് ബ്ലാസ്റ്റേഴ്സിലും തരംഗമായിരുന്നു. ഇന്ത്യൻ ടീമിൽ നിന്നും ഏഷ്യ കപ്പിന് ശേഷം വിരമിച്ച അനസിനെ ബ്ലാസ്റ്റേഴ്സ് വിൽക്കുമെന്ന് സൂചനകൾ സീസൺ അവസാനിക്കുന്നതിനു മുൻപേ നൽകിയിരുന്നു.