ഇന്ന് ഇംഗ്ലണ്ടിൽ ചാമ്പ്യൻഷിപ്പിൽ നടന്ന ദയനീയ സംഭവം ആയിരുന്നു. ബർമിങ്ങ്ഹാമും ആസ്റ്റൺ വില്ലയും തമ്മിൽ നടന്ന മത്സരത്തിനിടയിൽ ഒരു ആരാധകനാൽ ആസ്റ്റൺ വില്ലാ താരം ജാക്ക് ഗ്രിയലിഷ് ആക്രമിക്കപ്പെട്ടു. ബർമിങ്ങ്ഹാമിന്റെ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കളിയുടെ പത്താം മിനുട്ടിലാണ് താരം ആക്രമിപ്പെട്ടത്. ബർമിങ്ഹാം ആരാധകരുടെ കൂട്ടത്തിൽ നിന്ന് ഇറങ്ങി ഗ്രൗണ്ടിൽ വന്ന വ്യക്തി ഗ്രിയലിഷിന്റെ പിറകിലൂടെ വന്ന് താരത്തെ പഞ്ച് ചെയ്തു വീഴ്ത്തുകയായിരുന്നു.
കൂടുതൽ ആക്രമണങ്ങൾ നടക്കും മുമ്പ് ആസ്റ്റൺ വില്ല താരങ്ങളുൻ ബർമിങ്ഹാം താരങ്ങളും ഗ്രൗണ്ടിൽ ഇറങ്ങിയ ആരാധനെ തടഞ്ഞുവെച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ ആരാധകനെ ഗ്രൗണ്ടിൽ നിന്ന് മാറ്റി. ആ വ്യക്തിയെ അറസ്റ്റ് ചെയ്തതായും ഫുട്ബോൾ ഗ്രൗണ്ടുകളിൽ നിന്ന് ഈ ആരാധകനെ ആജീവാനന്ത കാലത്തേക്ക് വിലക്കുമെന്നും ക്ലബ് അറിയിച്ചു.
ബർമിങ്ഹാം ആരാധകരുടെ ഇടി കൊണ്ടു വീണ ഗ്രിയലിഷ് ആണ് അവസാനം കളിയിലെ ഹീറോ ആയതും. താരം നേടിയ ഏക ഗോളിൽ ആസ്റ്റൺ വില്ല ഇന്നത്തെ മത്സരം വിജയിച്ചു. ഗ്രിയലിഷിന്റെ മധുരമുള്ള പ്രതികാരമായി ഈ ഗോൾ മാറി.