മിനർവക്കെതിരെ ഒരു ഗോളിന്റെ വിജയം ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയതോടെ ഐ ലീഗിൽ ഫോട്ടോ ഫിനിഷിനു കളമൊരുങ്ങി. ഇന്ന് നടന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ എസ്ക്വഡ നേടിയ ഗോളിലാണ് ഈസ്റ്റ് ബംഗാൾ ജയിച്ചത്. മത്സരം സമനിലയിലാവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ഗോൾ നേടി ഈസ്റ്റ് ബംഗാൾ ജയം സ്വന്തമാക്കിയത്.
ഇതോടെ ഐ ലീഗിന്റെ അവസാന ദിവസം മാത്രമേ ചാമ്പ്യന്മാരെ അറിയൂ. കഴിഞ്ഞ ദിവസം ചർച്ചിൽ ബ്രദർസിനോട് ചെന്നൈ സിറ്റി തോറ്റതോടെയാണ് ഈസ്റ്റ് ബംഗാളിന് സാധ്യത തെളിഞ്ഞത്. അടുത്ത മത്സരത്തിൽ ഈസ്റ്റ് ബംഗാളിന് എതിരാളികൾ ഗോകുലം കേരളയും ചെന്നൈ സിറ്റിക്ക് എതിരാളികൾ മിനർവയുമാണ്.
അടുത്ത കളിയിൽ മിനർവക്കെതിരെ ചെന്നൈ സിറ്റി ജയിച്ചാൽ അവർക്ക് ഐ ലീഗ് ചാമ്പ്യന്മാരാവാം. അതെ സമയം ചെന്നൈ സിറ്റി തോൽക്കുകയും ഈസ്റ്റ് ബംഗാൾ ഗോകുലത്തെ തോൽപ്പിക്കുകയും ചെയ്താൽ മാത്രമേ ഈസ്റ്റ് ബംഗാൾ ഐ ലീഗ് ചാമ്പ്യന്മാരാവു. ചെന്നൈ സിറ്റി തോൽക്കുകയും ഈസ്റ്റ് ബംഗാൾ സമനിലയിൽ കുടുങ്ങുകയും ചെയ്താലും ഹെഡ് ടു മികവിൽ ചെന്നൈ സിറ്റി തന്നെ ചാമ്പ്യന്മാരാവും.