കലിപ്പടക്കി കടം വീട്ടി. കൊച്ചിയിൽ എല്ലാ കണക്കും തീർത്ത് മഞ്ഞപ്പട. ചെന്നൈയിനെ വലിച്ച് കീറി ഒട്ടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത മൂന്നു ഗോളിനാണ് ചെന്നൈയിൻ പരാജയപ്പെട്ടത്. ഇരട്ട ഗോളുകളുമായി പോപ്ലാനിക്കും വിജയ ഗോളുമായി സഹലും ബ്ലാസ്റ്റേഴ്‌സിന് തുണയായി.
മഞ്ഞപ്പടയുടെ ഈ സീസണിൽ ഹോം ഗ്രൗണ്ടിലെ ആദ്യ ജയമാണിത്. ഒരു വർഷത്തിലേറെ ആയി ഒരു ജയം കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിട്ട്. പോപ്ലാനിക്കിന്റെ തകർപ്പൻ ഹെഡ്ഡറിൽ ലീഡ് നേടി കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ പകുതി അവസാനിക്കുമ്പോൾ ഒരു ഗോളിന്റെ ലീഡാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. ഇരുപത്തിമൂന്നാം മിനുറ്റില്‍ തകര്‍പ്പന്‍ ഹെഡറിലൂടെ ആണ് പോപ്ലാനിക്ക് സ്‌കോർ ചെയ്തത്.
കിസിറ്റോ തൊടുത്ത ലോ ക്രോസ് തടയുന്നതിനിടെ ഗോള്‍കീപ്പര്‍ കരണ്‍ ജിത് സിംഗിന് പറ്റിയ പിഴവ് മുതലെടുത്താണ് പോപ്‌ളേട്ടൻ ഗോളടിച്ചത്. രണ്ടാം പകുതിയിലും കളി ബ്ലാസ്റ്റേഴ്‌സ് മോശമാക്കിയില്ല. ആദ്യത്തെ ഊഴം പോപ്ലാനിക്കിന്റേതായിരുന്നു. മരണമാസ്സ് പെര്ഫോമന്സിലൂടെ പോപ്‌ളേട്ടൻ ബ്ലാസ്റ്റേഴ്‌സിന് ലീഡ് നേടിക്കൊടുത്തു.
പിന്നീട് വിജയഗോൾ പിറന്നത് മഞ്ഞപ്പടയുടെ സ്വന്തം മെസ്യുട്ട് ഓസിലിന്റെ കാലിൽ നിന്നായിരുന്നു. കണ്ണൂരിന്റെ മുത്ത് മഞ്ഞപ്പടയുടെ സ്വത്ത് സഹൽ അബ്ദുൾ സമദിലൂടെ സ്‌കോർ മൂന്നായി ഉയർത്തി കേരള ബ്ലാസ്റ്റേഴ്‌സ്. വിജയത്തോടെ 16 മത്സരങ്ങളില്‍ 14 പോയിന്റായ കേരളം പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് കയറി.