പുതിയ പരിശീലകന് കീഴിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നേടും തൂണായ ലാകിച്ച് പെസിച്ചിന് ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് വിലക്ക്. രണ്ടു മത്സരങ്ങളിൽ നിന്നാണ് താരത്തിന് ഫുട്ബോൾ അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തിയത്. ചെന്നൈനെതിരെ നാളെ കേരള ബ്ലാസ്റ്റേഴ്‌സ് നേരിടാനിരിക്കെയാണ് പെസിച്ചിന് വിലക്ക് വന്നത്.
ബെംഗളുരുവിനെതിരായ മത്സരത്തിനിടെ ബെംഗളൂരു എഫ്.സി താരം മികുവുമായി പെസിച്ച് ഏറ്റുമുട്ടിയിരുന്നു. ഇതാണ് താരത്തിന് രണ്ടു മത്സരത്തിൽ നിന്ന് വിലക്ക് ഏർപ്പെടുത്താൻ കാരണം. പരിക്ക് പൂർണമായി മാറി അനസ് എടത്തൊടിക കളിക്കാനിറങ്ങാത്തതും ഈ അവസരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാണ്.
സീസണിന്റെ തുടക്കം മുതൽ ക്യാപ്റ്റൻ സന്ദേശ് ജിങ്കന് ഒപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയ താരമാണ് പെസിച്ച്. ബെംഗളുരുവിനെതിരായ മത്സരത്തിൽ രണ്ടാം പകുതിയിൽ നേടിയ രണ്ടു ഗോളുകളുടെ പിൻബലത്തിൽ ബെംഗളൂരു കേരള ബ്ലാസ്റ്റേഴ്സിനെതിരെ സമനില പിടിച്ചിരുന്നു.