ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്.സി ഗോവയെ പരിശീലിപ്പിക്കുന്ന സെർജിയോ ലോബേറ ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലകനാവാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. ബംഗാളി ദിനപത്രം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്‌ഥാനത്തിൽ ഏഷ്യൻ കപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞ സ്റ്റീഫൻ കോൺസ്റ്റന്റൈന് പകരം ലോബേറ ഇന്ത്യൻ ടീമിന്റെ പരിശീലിക്കാനാവും. അടുത്ത സീസൺ വരെ ഗോവയിൽ കരാർ ഉണ്ടെങ്കിലും ഇന്ത്യൻ ടീമിന് വേണ്ടി ഗോവയെ ഒഴിവാക്കുമെന്നാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ പ്രതീക്ഷ.
സ്പാനിഷ് പരിശീലകനായ ലോബേറ ബാഴ്‌സലോണ യൂത്ത് ടീമിനെയടക്കം നിരവധി ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. മുൻ ബാഴ്‌സ പരിശീലകനായിരുന്ന ടിറ്റോ വിലനോവയുടെ സഹായിയായും ലോബേറ പ്രവർത്തിച്ചിട്ടുണ്ട്. എഫ്.സി ഗോവയെ ഐ.എസ്.എല്ലിലെ ഏറ്റവും മികച്ച ആക്രമണ നിരയാക്കിയത് ലോബേറയുടെ തന്ത്രങ്ങളാണ്. ഈ സീസണിൽ മൂന്നാം സ്ഥാനത്തുള്ള ഗോവയാണ് ലീഗിൽ ഏറ്റവും ഗോളുകൾ നേടിയ ടീമും. കഴിഞ്ഞ സീസണിലും ലോബേറയുടെ ഗോവ തന്നെയായിരുന്നു ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയത്.
ലോബേറ പരിശീലകനാവുകയാണെങ്കിൽ ഇന്ത്യൻ ടീമിന്റെ ആക്രമണ ഫുട്ബോൾ കാണാൻ പറ്റുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.