കേരള ബ്ലാസ്റ്റേഴ്സിന്റെ നെടും തൂണായ സന്ദേശ് ജിങ്കന്റെ ഏഷ്യൻ കപ്പിലെ പ്രകടനം കണ്ട് കൊണ്ട് ജിങ്കനെ സ്വന്തമാക്കാൻ ഖത്തർ ക്ലബ് ശ്രമിക്കുന്നതായി വാർത്തകൾ. ബഹ്‌റൈനെതിരായ മത്സരത്തിൽ നടത്തിയ വിരോചിത പ്രകടനമാവും ജിങ്കനെ വിദേശ പരിശീലകരുടെ കൺമുന്നിൽ എത്തിച്ചത്.
ബഹ്‌റൈനെതിരെ അവസാന മിനുട്ടിൽ പെനാൽറ്റിയിൽ ഇന്ത്യ പുറത്തായെങ്കിലും സന്ദേശ് ജിങ്കന്റെ വിരോചിത പ്രകടനം എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. തുടർന്നാണ് കേരള ബ്ലാസ്റ്റേഴ്സിൽ ജിങ്കന്റെ കരാറിനെ കുറിച്ചുള്ള അന്വേഷങ്ങൾ എത്തിയത്. ജിങ്കനെ ഖത്തർ ലീഗിൽ എത്തിക്കാൻ ഇപ്പോൾ തന്നെ അണിയറ നീക്കങ്ങൾ നടക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.
നേരത്തെ തന്നെ സന്ദേശ് ജിങ്കന് വിദേശ ലീഗുകളിൽ തിളങ്ങാനുള്ള കഴിവുണ്ടെന്ന് പല വിദേശ താരങ്ങൾ പറഞ്ഞിരുന്നു. ജിങ്കനെ പോലെ ഒരു താരം കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു പോവുന്നത് ആരാധകർക്ക് നിരാശ സമ്മാനിക്കുമെങ്കിൽ വിദേശ ലീഗിൽ കളിക്കാൻ പാകത്തിൽ ഇന്ത്യൻ താരങ്ങൾ വളരുന്നു എന്നത് ആരാധകർക്ക് അഭിമാനിക്കാൻ വക നൽകുന്നതാണ്.