കൊച്ചിയിൽ വെച്ച് നടക്കുന്ന പ്രീ സീസൺ ടൂർണമെന്റിന് ഒരുങ്ങുകയാണ് മെല്‍ബണ്‍ സിറ്റി. ദൈവത്തിന്റെ സ്വന്തം നാട്ടിൽ മഞ്ഞപ്പടയോട് ഏറ്റുമുട്ടുവാനാണ് മെല്‍ബണ്‍ സിറ്റി ഒരുങ്ങുന്നത്. പ്രീ സീസൺ ടൂർണമെന്റിന്റെ പ്രചരണാർത്ഥം ഒരു വീഡിയോ മെല്‍ബണ്‍ സിറ്റി പുറത്ത് വിട്ടിരുന്നു. ഇന്ത്യയിലെ പ്രാദേശിക ഭക്ഷണവും ക്ലബ്ബ് താരങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി മിക്സ്ചറും കായ് വറുത്തതും ഒക്കെയാണ് താരങ്ങൾക്ക് ടേസ്റ്റ് നോക്കാനായി ക്ലബ് നൽകിയത്.
അതെ സമയം കേരളേതര സംസ്ഥാനങ്ങളിൽ ധാരാളം ആരാധകരുള്ള പാനിപൂരി കേരളീയ ഡിഷെന്ന പേരിൽ നൽകിയത് മഞ്ഞപ്പടയുടെ ആരാധകർക്ക് പിടിച്ചിട്ടില്ല. മിക്സ്ചറും കായ് വറവും സമ്മതിക്കാം പക്ഷെ പാനിപൂരി കേരളീയ ഭക്ഷണമാണെന്നു പറഞ്ഞാൽ സമ്മദിക്കില്ലെന്നു ആരാധകർ കുറിക്കുന്നു. നെയ്യപ്പവും, ശര്ക്കരപുരട്ടിയും കുഴലപ്പവും ഉള്ള ഞങ്ങക്ക് എന്തിനാണീ പാനിപൂരി ? എന്നാണ് കടുത്ത ബ്ലാസ്റ്റേഴ്സ് ആരാധകർ ഉന്നയിക്കുന്ന ചോദ്യം.
ലാ ലിഗ ടീമായ ജിറോണയെയും ഓസ്ട്രേലിയൻ ടീമായ മെൽബൺ സിറ്റിയെയും കൊച്ചിയിൽ കൊണ്ട് വന്ന് ഒരു പ്രീസീസൺ നടത്തുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ജൂലൈ 24 മുതൽ 28 വരെ കൊച്ചിയിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് പ്രീ സീസൺ ടൂർണമെന്റ് നടക്കുക.